സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. കണ്ണൂര്‍-1, മലപ്പുറം-1, കോട്ടയം-1, തൃശൂര്‍-1, കൊല്ലം-1 എന്നിങ്ങനെയാണ് മരണം. പടിയൂര്‍ കല്ലുവയല്‍ പതിനാറാംപന്തലിലെ വെട്ടുകുഴിയില്‍ യോഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (71) യാണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. മക്കള്‍: ബിനു, ബേബി, ലിസി, ബീന. മരുമകള്‍: ഷൈനി.
പെരിന്തല്‍മണ്ണ ആനമങ്ങാട് ഒടമല പരിയാപുരത്തെ വട്ടപ്പറമ്പില്‍ മുഹമ്മദ് (വാപ്പുട്ടി-85) ആണ് മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതോടെ മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. ഭാര്യ: കുഞ്ഞാത്തു. മക്കള്‍: അബ്ദുല്ല, സക്കീര്‍, സലാം, കുഞ്ഞുമൊയ്തീന്‍, മൈമൂന, ആമിന, ആയിഷ, സാബിറ, ഖദീജ.
ഗാന്ധിനഗര്‍ അതിരമ്പുഴയിലെ മയൂരി ഹോട്ടല്‍ ഉടമ കൈപ്പുഴ കൊച്ചുപുരയ്ക്കല്‍ കെ.കെ ശങ്കരന്‍ നായര്‍ (ശശി- 66) ആണ് കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നു മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു മരണം. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: രേവമ്മ. മക്കള്‍: ശരണ്യ ശങ്കര്‍ (കാനഡ), ശര്‍മി ശങ്കര്‍ (ബംഗളൂരു). മരുമക്കള്‍: ശ്രീജിത്ത് (കാനഡ), ശ്രീകുമാര്‍ (ബംഗളൂരു).
തൃപ്രയാര്‍ കഴിമ്പ്രം പരിയകത്ത് വീട്ടില്‍ ദിവാകരന്‍ (65) ആണ് തൃശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: നിര്‍മ്മല. മക്കള്‍: ജിതിന്‍, നിധിന്‍. മരുമകള്‍: ലിമ.
ശാസ്താംകോട്ട മനക്കര പള്ളിശ്ശേരിക്കല്‍ സായൂജ്യത്തില്‍ ആശോകന്‍ (63) ആണ് കൊല്ലത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഒന്‍പതോടെയാണ് മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."