ആഘോഷമായി ജനാധിപത്യത്തിന്റെ ഉത്സവം
മുക്കം: പതിനേഴാമത് ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ക്രിയാത്മകമായി വിനിയോഗിച്ച് മലയോര മേഖല.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മിക്കയിടത്തും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായത് ഒഴിച്ചാല്‍ പൊതുവേ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വമാണ് പോളിങ് ശതമാനം കൂടാന്‍ കാരണമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു.
മലയോര മേഖലയിലെ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളില്‍ കേന്ദ്ര സേനയുടെയും തണ്ടര്‍ബോള്‍ട്ടിന്റെയും പൊലിസിന്റെയും പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. പ്രശ്‌നബാധിത ബൂത്തുകളിലും പ്രശ്‌നസാധ്യത ബൂത്തുകളിലും കനത്ത സുരക്ഷയൊരുക്കി പൊലിസും കേന്ദ്രസേനയും ജനങ്ങള്‍ക്ക് സുഖമമായ വോട്ടെടുപ്പിന് അവസരമൊരുക്കി.
മുക്കം നഗരത്തില്‍ അടക്കം വോട്ടെടുപ്പ് ദിനമായ ഇന്നലെ മിക്ക കടകളും അടഞ്ഞു കിടന്നു. എല്ലാ കാര്യങ്ങള്‍ക്കും പൊതു അവധി നല്‍കി ജനങ്ങള്‍ വോട്ടെടുപ്പില്‍ സജീവമായി പങ്കാളികളായി. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ ഗതാഗത തിരക്ക് കുറവായിരുന്നു. വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കും പ്രത്യേകം സൗകര്യമൊരുക്കിയതും ബോധവല്‍ക്കരണം നല്‍കിയതും പോളിങ് കൂടാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടിയിലെ 130-ാം ബൂത്തിലെ മെഷീന്‍ തകരാറുമൂലം മാറ്റിയതിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. 149, 147, 134 എന്നീ ബൂത്തുകളിലും മെഷീന്‍ തകരാര്‍ മൂലം വോട്ടിങ് തടസപ്പെട്ടു. കക്കാട് വില്ലേജ് പരിധിയിലെ കാരശ്ശേരി 149-ാം ബൂത്തില്‍ മെഷീനിലെ 18 ,19 സ്ഥാനാര്‍ഥികളുടെ നമ്പറുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വോട്ടിങ് തടസപ്പെട്ടു.
134-ാം നമ്പര്‍ പോളിങ് ബൂത്തായ കാരമൂല കുമാരനെല്ലൂര്‍ ജി.എല്‍.പി സ്‌കൂളില്‍ 52 വോട്ട് പോള്‍ ചെയ്തപ്പോള്‍ 53 വിവി പാറ്റ് വന്നതോടെ പോളിങ് നിര്‍ത്തിവച്ചു. തകരാര്‍ പരിഹരിച്ച് എട്ടോടെ വോട്ടിങ് ആരംഭിച്ചു.
ആനയാംകുന്ന് 147-ാം ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറു മൂലം പോളിങ് ഏറെ നേരം തടസപ്പെട്ടു. മുക്കം നഗരസഭയിലെ മണാശ്ശേരി എം.എ.എം.ഒ കോളജിലെ 124-ാം ബൂത്തില്‍ മെഷീന്‍ തകരാറുമൂലം വോട്ടെടുപ്പ് തടസപ്പെട്ടു. തുടര്‍ന്ന് മറ്റൊരു മെഷീന്‍ കൊണ്ടുവന്നെങ്കിലും മെഷീനില്‍ ഡേറ്റ് തെറ്റായതിനാല്‍ ഏറെ വൈകിയാണ് വോട്ടെടുപ്പ് നടന്നത്. നഗരസഭയിലെ നിലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 108-ാം ബൂത്തിലും മെഷീന്‍ തകരാര്‍ മൂലം വോട്ടിങ് തടസപ്പെട്ടു. എട്ടോടെ തകരാര്‍ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചു.
മാമ്പറ്റ ഡോണ്‍ ബോസ്‌കോ കോളജിലെ 110-ാം ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാര്‍ കാരണം രണ്ടു മണിക്കൂര്‍ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്. 9 മണിയോടെ തകരാര്‍ പരിഹരിച്ച് വോട്ടിങ് ആരംഭിക്കുകയായിരുന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 87-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീനിലെ തകരാര്‍ മൂലം രണ്ടര മണിക്കൂര്‍ വൈകിയാണ് പോളിങ് ആരംഭിച്ചത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിലെ 56-ാം നമ്പര്‍ ബൂത്തിലും വോട്ടിങ് മെഷീനിലെ തകരാര്‍ തന്നെയാണ് വില്ലനായത്. വോട്ടിങ് മെഷീനിലെ തകരാര്‍ ഒഴിച്ചാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ മലയോര മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
താമരശ്ശേരി: താമരശ്ശേരി ഗവ. ഹൈസ്‌കൂള്‍ 22-ാം നമ്പര്‍ പോളിങ് ബൂത്തില്‍ തുടക്കത്തില്‍ തന്നെ വോട്ടിങ് യന്ത്രം തകരാറിലായി. പിന്നീട് ഒരു മണിക്കൂറിനു ശേഷം ഇത് മാറ്റി പുതിയ യന്ത്രം എത്തിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. ഇതേ സ്‌കൂളില്‍ 24-ാം നമ്പര്‍ ബൂത്തിലും വി.വി പാറ്റ് യന്ത്രം വോട്ടെടുപ്പിനിടയില്‍ നിശ്ചലമായി. ഇതോടെ ഈ ബൂത്തിലും ഒരു മണിക്കൂറോളം വൈകി 12.45 ഓടെയാണ് പോളിങ് പുനരാരംഭിച്ചത്.
കോടഞ്ചേരി സ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലും യന്ത്രം പണിമുടക്കിയത് വോട്ടെടുപ്പ് വൈകാന്‍ കാരണമായി. അടിവാരം എല്‍.പി സ്‌കൂളിലെ ഒന്‍പതാം നമ്പര്‍ ബൂത്തില്‍ വി.വി പാറ്റ് മെഷിന്‍ തകരാറിലായി. മുക്കാല്‍ മണിക്കൂറിനു ശേഷം തകരാര്‍ പരിഹരിച്ചു. ചെമ്പ്ര ഗവ. എല്‍.പി സ്‌കൂളിലും താഴത്തലത്ത് ബൂത്തിലും ഏറെ നേരം വോട്ടിങ് യന്ത്രം പണിമുടക്കി. വോട്ടിങ് സമയം കഴിഞ്ഞ ശേഷവും ഏറെ വോട്ടര്‍മാര്‍ ക്യൂവിലാണ്.
രണ്ടു പ്രാവശ്യം വി.വി പാറ്റ് മെഷീന്‍ തകരാറിലായ കോരങ്ങാട് സ്‌കൂളിലെ ബൂത്തില്‍ ആറിനും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.
കട്ടാങ്ങല്‍: ചാത്തമംഗലം പഞ്ചായത്തിലെ വിവിധ ബൂത്തുകളില്‍ രാത്രി ഏറെ വൈകിയാണ് പോളിങ് അവസാനിച്ചത്.
വോട്ടിങ് മെഷീന്‍ തകരാര്‍ കാരണം ഒരു മണിക്കൂര്‍ വൈകിയാണ് കളന്‍തോട് ബൂത്ത് നമ്പര്‍ 49ല്‍ പോളിങ് തുടങ്ങിയത്. പുള്ളാവൂര്‍ ബൂത്ത് 37ല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം രാത്രി ഒന്‍പതോടെയാണ് വോട്ടിങ് അവസാനിച്ചത്. പുളക്കോട് ബൂത്ത് നമ്പര്‍ 48, 51, കുഴക്കോട് ബൂത്ത് നമ്പര്‍, 53, കൂളിമാട് ബൂത്ത് നമ്പര്‍, 67, അരയങ്കോട് ബൂത്ത് നമ്പര്‍, 63 എന്നിവിടങ്ങളില്‍ രാത്രി എട്ടോടെയാണ് പോളിങ് അവസാനിച്ചത്. പൊതുവേ സമാധാനപരമായണ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നടന്നത്.
കുന്ദമംഗലം: മണ്ഡലത്തിലെ ഒട്ടേറെ ബൂത്തുകളില്‍ വോട്ടിങ് മെഷീനുകള്‍ വിവിപാറ്റ് ഉപകരണങ്ങളും തകരാറിലായത് കാരണം മണിക്കൂറുകളോളം പലയിടങ്ങളിലും വോട്ടിങ് തടസപ്പെട്ടു.
കാരന്തൂര്‍ സാമി ഗുരുക്കള്‍ മെമ്മോറിയല്‍ എ.എല്‍.പി സ്‌കൂളിലെ 27-ാം ബൂത്തില്‍ വോട്ടിങ് തുടങ്ങി ഏതാനും സമയങ്ങള്‍ക്കകം യന്ത്രം തകരാറിലായി. 9.30ന് വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തിയാണ് കേടുപാടുകള്‍ തീര്‍ത്ത് പോളിങ് പുനരാരംഭിച്ചത്. ഇവിടെ വോട്ടിങ് സമയം കഴിയേണ്ട ആറു മണിയാകുമ്പോഴും മുന്നൂറില്‍പരം ആളുകള്‍ വരിയില്‍ ഉണ്ടായിരുന്നു. 8.30നാണ് വോട്ടിങ് അവസാനിച്ചത്.
കാരന്തൂര്‍ എ.എം.എല്‍.പി സ്‌കൂളിലെ 31-ാം ബൂത്തില്‍ യന്ത്ര തകരാര്‍ കാരണം ഒന്നര മണിക്കൂറിന് ശേഷമാണ് വോട്ടിങ് തുടങ്ങാനായത്. രാത്രി വൈകി എട്ടോടെയാണ് ഇവിടെ പോളിങ് അവസാനിച്ചത്. കുന്ദമംഗലം പഞ്ചായത്ത് 16-ാം വാര്‍ഡിലെ കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യതീംഖാനയിലെ 35-ാം ബൂത്തിലും വൈകിട്ട് ആറിന് 250ല്‍പരം വോട്ടര്‍മാര്‍ വരിയില്‍ ഉണ്ടായിരുന്നു.
ചാത്തമംഗലം പഞ്ചായത്തിലെ അരയങ്കോട് മാവൂര്‍ എല്‍.പി സ്‌കൂളിലും മാവൂര്‍ പഞ്ചായത്തിലെ വളയന്നൂര്‍ ജി.എല്‍.പി സ്‌കൂളിലെ നൂറാം നമ്പര്‍ ബൂത്തിലും യന്ത്ര തകരാര്‍ കാരണം പോളിങ് വൈകി. മാവൂര്‍ പഞ്ചായത്തിലെ മാവൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ 116-ാം നമ്പര്‍ ബൂത്തിലും വോട്ടിങ് മെഷീന്‍ മണിക്കൂറുകളോളം പണിമുടക്കി. എലത്തൂര്‍ മണ്ഡലത്തിലെ 1400 വോട്ടര്‍മാരുള്ള പോലൂല്‍ എ.എം.എല്‍.പി സ്‌കൂളിലെ 154-ാം ബൂത്തില്‍ രാത്രി പത്തോടെയാണ് പോളിങ് അവസാനിച്ചത്.
തിരുവമ്പാടി: ബൂത്ത് നമ്പര്‍ 74ല്‍ രാവിലെ 11 ഓടെ വോട്ടിങ് യന്ത്രത്തില്‍ നിന്ന് ബീപ് ശബ്ദം വരാതെയായതോടെ വോട്ടിങ് നിര്‍ത്തിവച്ചു. പുതിയ മെഷീന്‍ കൊണ്ടുവന്ന് അരമണിക്കൂറിന് ശേഷം വോട്ടിങ് പുനരാരംഭിച്ചെങ്കിലും വൈകിട്ട് വീണ്ടും പണിമുടക്കി. ഒടുവില്‍ ഒന്നര മണിക്കൂറിന് ശേഷം മറ്റൊരു മെഷീന്‍ കൊണ്ടുവന്ന് വീണ്ടും പുനരാരംഭിച്ചു. അഞ്ചരയോടെ ഇതേ ബൂത്തില്‍ മൂന്നാമതും പണിമുടക്കിയതോടെ ആളുകള്‍ പ്രകോപിതരാവുകയായിരുന്നു. രാത്രി എട്ടോടെയാണ് വോട്ടിങ് അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."