യന്ത്രങ്ങള്‍ പണിമുടക്കി; കാത്ത് കാത്ത് കുഴഞ്ഞു
കോഴിക്കോട്: പോളിങ് തുടങ്ങുമ്പോള്‍ തന്നെ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തിയെങ്കിലും പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതിന് തെരഞ്ഞെടുപ്പിനെ ബാധിച്ചു. ഇതേ തുടര്‍ന്ന് മണിക്കൂറുകളാണ് തെരഞ്ഞെടുപ്പ് വൈകിയത്. കരുതല്‍ വോട്ടിങ് യന്ത്രവും ചിലയിടങ്ങളില്‍ പ്രവര്‍ത്തിച്ചില്ല. പുതിയ യന്ത്രം കൊണ്ടു വന്നതിനു ശേഷമാണ് ഇവിടങ്ങളില്‍ വോട്ടിങ് ആരംഭിച്ചത്. വോട്ടിങ് യന്ത്രത്തിലെ തകരാര്‍ കാരണം പല ബൂത്തുകളിലും വോട്ടര്‍മാര്‍ക്ക് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നു.
വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ കാരണം ആറു മണിക്കൂറോളം കൊയിലാണ്ടി പുളിയഞ്ചേരിയില്‍ വോട്ടെടുപ്പ് വൈകി. പുളിയഞ്ചേരി യു.പി സ്‌കൂളിലെ 79-ാം നമ്പര്‍ ബൂത്തിലാണ് വോട്ടിങ് യന്ത്രം പണിമുടക്കിയത്. മോക് പോളിങിനിടെ യന്ത്രം തകരാറായതിനെ തുടര്‍ന്ന് പുതിയ യന്ത്രം കൊണ്ടുവന്നാണ് ഇവിടെ വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞതോടെ ഈ യന്ത്രവും തകരാറിലായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും വോട്ടെടുപ്പ് പുനരാരംഭിച്ചത് ഉച്ചക്ക് ഒന്നോടെയാണ്.
സിവില്‍ മാതൃബന്ധു സ്‌കൂളിലെ 81-ാം ബൂത്തില്‍ യന്ത്രത്തകരാറുമൂലം വോട്ടിങ് 24 മിനിട്ട് വൈകിയാണ് ആരംഭിച്ചത്. സെന്റ് വിന്‍സന്റ് കോളനി സ്‌കൂളിലെ ആകെയുള്ള മൂന്നില്‍ രണ്ട് ബൂത്തിലും വോട്ടിങ് ആരംഭിക്കാന്‍ വൈകി.
കാരശ്ശേരി പഞ്ചായത്തില്‍ രണ്ട് ഇടങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാറുമൂലം വോട്ടിങ് കുറച്ചുസമയം നിര്‍ത്തിവച്ചു. മണാശ്ശേരി മുക്കം എം.ഒ.എം.ഒ കോളജിലെ 124-ാം ബൂത്തില്‍ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിങ് മൂന്ന് മണിക്കൂര്‍ വൈകി. കാരശ്ശേരി കോയക്കുട്ടി മെമ്മോറിയല്‍ യു.പി സ്‌കൂളിലെ 149 ബൂത്തില്‍ യന്ത്രത്തകരാര്‍ കാരണം പോളിങ് 45 മിനുട്ടോളം വൈകി. താമരശ്ശേരി പഞ്ചായത്തിലെ ചെമ്പ്ര ഗവ. യു.പി സ്‌കൂളിലെ 33 ബൂത്തില്‍ യന്ത്രത്തകരാര്‍ മൂലം അരമണിക്കൂര്‍ വോട്ടിങ് മുടങ്ങി. കൊടിയത്തൂര്‍ പഞ്ചായത്തിലെ കൊടിയത്തൂര്‍ 173 ബൂത്തില്‍ വോട്ടിങ് മെഷീന്‍ സ്വിച്ച് തകരാര്‍ കാരണം വേട്ടെടുപ്പ് ആരംഭിക്കാന്‍ വൈകി. മോക്‌പോള്‍ കഴിഞ്ഞയുടന്‍ നല്ലളം എ.യു.പി സ്‌കൂളില്‍ 42 -ാം ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി. കൂടരഞ്ഞി പഞ്ചായത്തിലെ 87 ബൂത്തിലും വോട്ടിങ് വൈകിയാണ് ആരംഭിച്ചത്. നാദാപുരത്തും തെരഞ്ഞെടുപ്പ് യന്ത്രം പണിമുടക്കി.
നാദാപുരത്ത് ആറു ബൂത്തുകളിലാണ് യന്ത്രത്തകരാറ് മൂലം പോളിങ് വൈകിയത്. കടമേരി യു.പി സ്‌കൂളിലെ ബൂത്ത് 30, പുറമേരി കെ.ആര്‍ ഹൈസ്‌കൂളിലെ ബൂത്ത് 44,45, തൂണേരി ഇ.വി യു.പി സ്‌കൂളിലെ ബൂത്ത് 27, കുമ്മങ്കോട് ഈസ്റ്റ് എല്‍.പി സ്‌കൂളിലെ ബൂത്ത് 183 എന്നിവിടങ്ങളിലാണ് വോട്ടിങ് യന്ത്രം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറിലധികം പോളിങ് വൈകിയത്.
മുക്കം നഗരസഭയിലെ ബൂത്ത് നമ്പര്‍ 120 മണാശ്ശേരിയിലും യന്ത്രം തകരാറായി വോട്ടെടുപ്പ് വൈകി. തിരുവമ്പാടി 97 ബൂത്ത് കൂമ്പാറയില്‍ 12 വോട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ വിവിപാറ്റ് മെഷിന്‍ തരാലയായത് കുറച്ചുസമയം വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കി. മരുതോങ്കര എല്‍.പി സ്‌കൂളില്‍ വോട്ടിങ് മെഷിന്‍ ഇടയ്ക്കിടെ കേടായതിനാല്‍ വോട്ടര്‍മാര്‍ക്ക് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു.
വാണിമേല്‍ ഭൂമിവാതുക്കല്‍ എല്‍.പി സ്‌കൂളിലെ 80-ാം നമ്പര്‍ ബൂത്തില്‍ വിവിപാറ്റ് മെഷീന്‍ തകരാറിലായത് വോട്ടെടുപ്പ് വൈകിപ്പിച്ചു.
കൊയിലാണ്ടി നഗരസഭയിലെ 96-ാം ബൂത്തായ സെയ്ത് ഉമര്‍ ബാഫഖി സ്മാരക അങ്കണവാടി പോളിങ് ബൂത്തിലും മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകി. വടകര പുറങ്കര മാപ്പിള ജെ.ബി സ്‌കൂളില്‍ 134-ാം ബൂത്തില്‍ വിവിപാറ്റ് തകരാറിലായതിനാല്‍ പോളിങ് ആരംഭിക്കാന്‍ വൈകി.
കാരന്തൂരില്‍ വോട്ടിങ് മെഷീന്‍ പണിമുടക്കിയത് പോളിങ് ആരംഭിക്കാന്‍ വൈകാന്‍ ഇടയായി. താമരശ്ശേരി ഗവ. ഹൈസ്‌കൂളിലെ 22-ാം നമ്പര്‍ ബൂത്തിലും പുതുപ്പാടി എല്‍.പി സ്‌കൂള്‍ ഒന്‍പതാം നമ്പര്‍ ബൂത്തിലും യന്ത്രങ്ങള്‍ പണിമടക്കിയതിനെ തുടര്‍ന്ന് വോട്ടിങ് കുറച്ചുനേരത്തേക്ക് നിര്‍ത്തിവച്ചു.
പയ്യോളി മുനിസിപ്പാലിറ്റിയിലെ 29-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീന്‍ കേടായതിനാല്‍ രണ്ടു മണിക്കൂര്‍ വൈകിയും കിഴൂര്‍ ഗവ. യു.പി സ്‌കൂളില്‍ 35 നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂറും കഴിഞ്ഞ ശേഷമാണ് വോട്ടിങ് ആരംഭിച്ചത്.
നൈനാംവളപ്പ് സ്‌കൂളില്‍ 35-ാം ബൂത്തില്‍ വോട്ടിങ് മെഷീന്‍ പണി മുടക്കി. നടുവണ്ണൂരില്‍ വോട്ടിങ് മെഷീന്‍ പലയിടങ്ങളിലും പണിമുടക്കിയത് വോട്ടര്‍മാരെ കുഴക്കി. ഏഴാം നമ്പല്‍ ബൂത്തായ കാവുന്തറയില്‍ 9.30നാണ് വേട്ടെടുപ്പ് തുടങ്ങിയത്. ബൂത്ത് 38 അവിടനല്ലൂര്‍ എ.എല്‍.പി സ്‌കൂളില്‍ രാവിലെ മുതലെ മെഷീന്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചില്ല. പലയിടങ്ങളിലും രാത്രി ഏറെ വൈകിയാണ് വോട്ടിങ് അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."