ആഘോഷമായി ജനാധിപത്യത്തിന്റെ ഉത്സവം
കോഴിക്കോട്: പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ കനത്ത പോളിങ്.
ഫറോക്ക്: ബേപ്പൂര്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായത് പോളിങ് അവതാളത്തിലാക്കി. മണിക്കൂറുകള്‍ വൈകിയാണ് ചില ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കാനായത്. ചില ബൂത്തുകളില്‍ ഒന്നിലധികം തവണ യന്ത്രം കേടുവന്നത് തെരഞ്ഞെടുപ്പ് തടസപ്പെടുത്തി. മിക്ക ബൂത്തുകളിലും യന്ത്രം തകരാറിലായതിനാല്‍ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാനാകാതെ മടങ്ങുന്ന സ്ഥിതിയുണ്ടായി. മണ്ഡലത്തില്‍ പല ബൂത്തുകളിലും രാത്രി വൈകിയും സ്ത്രീകളും വയോധികരും ഉള്‍പ്പെടെയുള്ളവരുടെ നീണ്ട നിരയാണ്. വോട്ടിങ് കേന്ദ്രങ്ങളില്‍ ആവശ്യത്തിന് വെളിച്ച സംവിധാനം ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കി.
കല്ലംപാറ മിഫ്ത്താഹുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 133-ാം ബൂത്തില്‍ പോളിങ് തുടങ്ങുന്നതിനു മുന്‍പു തന്നെ വോട്ടിങ് യന്ത്രം കേടുവന്നു. രണ്ടു മണിക്കൂര്‍ വൈകിയാണ് ഇവിടെ വോട്ടിങ് ആരംഭിച്ചത്. വോട്ടിങ് ആരംഭിച്ച് അധികം താമസിയാതെ തന്നെ യന്ത്രം വീണ്ടും തകരാറിലായത് പ്രതിസന്ധിയാണുണ്ടാക്കിയത്. പെരുമുഖം എം.ഐ.എ.എം.എല്‍.പി സ്ൂകൂളിലെ 136-ാം ബൂത്തിലെ മെഷീന്‍ കേടുവന്നത് തെരഞ്ഞെടുപ്പ് വൈകാനിടയാക്കി. ഫാറൂഖ് കോളജ് കരിങ്കല്ലായ് വെനേറിനി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 88-ാം ബൂത്തില്‍ മൂന്നു മണിക്കൂറാണ് വോട്ടെടുപ്പ് വൈകിയത്. രാമനാട്ടുകര ഗവ. യു.പി സ്‌കൂളിലെ 92-ാം ബൂത്തില്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് പോളിങ് ആരംഭിച്ചത്.
മോക്ക് പോളിങ് സമയത്ത് വോട്ടിങ് യന്ത്രത്തിനു തകരാര്‍ കണ്ടെത്തിയതിനാല്‍ ചാലിയം ക്രസന്റ് പബ്ലിക് സ്‌കൂള്‍ 145-ാം ബൂത്തില്‍ 9.50നാണ് വോട്ടിങ് ആരംഭിച്ചത്. പുതിയ യന്ത്രമെത്തിച്ച് ബാലറ്റ് ലേബല്‍ ചെയ്താണ് പോളിങ് ആരംഭിച്ചത്. ഫറോക്ക് ഗവ. ഗണപത് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 123-ാം ബൂത്തില്‍ ഒരു മണിക്കൂര്‍ വൈകിയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 137-ാം ബൂത്തില്‍ യന്ത്രം കേടായത് കാരണം ഒരു മണിക്കൂര്‍ വൈകി. കോടമ്പുഴ അല്‍ മനാര്‍ ഇസ്‌ലാമിക് സെന്റര്‍ മദ്‌റസ 81-ാം ബൂത്തില്‍ രാവിലെ ഒന്‍പതിനാണ് പോളിങ് ആരംഭിച്ചത്. നടുവട്ടം ജി.യു.പി സ്‌കൂള്‍ 81-ാം ബൂത്തില്‍ വിവി പാറ്റ് കേടായതു മൂലം വോട്ടിങ് വൈകി. കരുവന്‍തിരുത്തി ജി.എം.എല്‍.പി സ്‌കൂള്‍ 110-ാം ബൂത്തില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകി. നല്ലൂര്‍ ജി.ജി.യു.പി സ്‌കൂള്‍ 129-ാം ബൂത്തില്‍ അര മണിക്കൂര്‍ വൈകി. ചുള്ളിപ്പറമ്പ് വി.വി.എ.എ.പി സ്‌കൂള്‍ 87-ാം ബൂത്തില്‍ അരമണിക്കൂര്‍ വൈകി. കരുവന്‍തിരുത്തി ജി.എം.എല്‍.പി 110-ാം ബൂത്തില്‍ ഒന്നര മണിക്കൂര്‍ വൈകി. നല്ലളം എ.യു.പി സ്‌കൂള്‍ 42-ാം ബൂത്തില്‍ അരമണിക്കൂര്‍ വൈകി. മീഞ്ചന്ത ഗവ. വൊക്കേഷനല്‍ സ്‌കൂളില്‍ രണ്ടു ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് വൈകി. മാത്തോട്ടം സലഫി സ്‌കൂളില്‍ ബൂത്ത് (6) അരമണിക്കൂര്‍ വൈകി.
നടുവട്ടം തച്ചോട്ത്തുകാവ് എ.എല്‍.പി സ്‌കൂള്‍ ബൂത്ത് 19ല്‍ രണ്ടുതവണ മെഷീന്‍ തകരാറിലായി. പെരച്ചനങ്ങാടി ലിറ്റില്‍ വണ്ടര്‍ സ്‌കൂളില്‍ യന്ത്രം സജ്ജമാകാത്തതിനാല്‍ വോട്ടിങ് രണ്ടര മണിക്കൂര്‍ വൈകി. വെസ്റ്റ് മാഹി കിന്‍ഫ്ര പാര്‍ക്കിലെ ബൂത്ത് 27 ല്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് പോളിങ് തുടങ്ങിയത്.
കുന്ദമംഗലം: മണ്ഡലത്തിലെ ഒട്ടേറെ ബൂത്തുകളില്‍ വോട്ടിങ് മെഷീനുകള്‍ വിവിപാറ്റ് ഉപകരണങ്ങളും തകരാറിലായത് കാരണം മണിക്കൂറുകളോളം പലയിടങ്ങളിലും വോട്ടിങ് തടസപ്പെട്ടു.
കാരന്തൂര്‍ സാമി ഗുരുക്കള്‍ മെമ്മോറിയല്‍ എ.എല്‍.പി സ്‌കൂളിലെ 27-ാം ബൂത്തില്‍ വോട്ടിങ് തുടങ്ങി ഏതാനും സമയങ്ങള്‍ക്കകം യന്ത്രം തകരാറിലായി. 9.30ന് വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തിയാണ് കേടുപാടുകള്‍ തീര്‍ത്ത് പോളിങ് പുനരാരംഭിച്ചത്. ഇവിടെ വോട്ടിങ് സമയം കഴിയേണ്ട ആറു മണിയാകുമ്പോഴും മുന്നൂറില്‍പരം ആളുകള്‍ വരിയില്‍ ഉണ്ടായിരുന്നു. 8.30നാണ് വോട്ടിങ് അവസാനിച്ചത്.
കാരന്തൂര്‍ എ.എം.എല്‍.പി സ്‌കൂളിലെ 31-ാം ബൂത്തില്‍ യന്ത്ര തകരാര്‍ കാരണം ഒന്നര മണിക്കൂറിന് ശേഷമാണ് വോട്ടിങ് തുടങ്ങാനായത്. രാത്രി വൈകി എട്ടോടെയാണ് ഇവിടെ പോളിങ് അവസാനിച്ചത്. കുന്ദമംഗലം പഞ്ചായത്ത് 16-ാം വാര്‍ഡിലെ കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യതീംഖാനയിലെ 35-ാം ബൂത്തിലും വൈകിട്ട് ആറിന് 250ല്‍പരം വോട്ടര്‍മാര്‍ വരിയില്‍ ഉണ്ടായിരുന്നു.
ചാത്തമംഗലം പഞ്ചായത്തിലെ അരയങ്കോട് മാവൂര്‍ എല്‍.പി സ്‌കൂളിലും മാവൂര്‍ പഞ്ചായത്തിലെ വളയന്നൂര്‍ ജി.എല്‍.പി സ്‌കൂളിലെ നൂറാം നമ്പര്‍ ബൂത്തിലും യന്ത്ര തകരാര്‍ കാരണം പോളിങ് വൈകി. മാവൂര്‍ പഞ്ചായത്തിലെ മാവൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ 116-ാം നമ്പര്‍ ബൂത്തിലും വോട്ടിങ് മെഷീന്‍ മണിക്കൂറുകളോളം പണിമുടക്കി. എലത്തൂര്‍ മണ്ഡലത്തിലെ 1400 വോട്ടര്‍മാരുള്ള പോലൂല്‍ എ.എം.എല്‍.പി സ്‌കൂളിലെ 154-ാം ബൂത്തില്‍ രാത്രി പത്തോടെയാണ് പോളിങ് അവസാനിച്ചത്.
കുറ്റിക്കാട്ടൂര്‍: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യഹരിദാസ് നാട്ടിലെത്തി വോട്ട് ചെയ്തു. കുന്ദമംഗലം സ്വദേശിയായ രമ്യക്ക് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലാണ് വോട്ട്. ഇന്നലെ രാവിലെ 8.30ന് തന്നെ 89-ാം ബൂത്തായ കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യൂ.എച്ച് എന്‍ജിനീയറിങ് കോളജിലെത്തി വോട്ട് ചെയ്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം ആലത്തൂരിലേക്ക് പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."