സേവനനിരതരായി കുട്ടിപ്പൊലിസ്
മുക്കം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സേവനിരതരായി കൈയടി നേടിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം കുട്ടിപ്പൊലിസ്.
പോളിങ് ബൂത്തിലെത്താന്‍ ബുദ്ധിമുട്ടിയ അംഗപരിമിതര്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ബൂത്തിലെത്തിച്ചാണ് എസ്.പി.സി വിദ്യാര്‍ഥികള്‍ മാതൃകയായത്. വോട്ട് രേഖപ്പെടുത്തിയ ശേഷം അവരെ തിരികെ വീട്ടിലെത്തിക്കുന്നതിനും ഇവര്‍ മുന്നില്‍നിന്നു. ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ എസ്.പി.സിയുടെ സേവനം ഉപയോഗപ്പെടുത്തിയത്.
പൊലിസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഏറെ സഹായകരമായിരുന്നു എസ്.പി.സിയുടെ സേവനം. വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തുന്ന ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും അവരെ സഹായിച്ചും മുന്നില്‍ നില്ക്കുന്നുണ്ടായിരുന്നു ഇവര്‍. കോഴിക്കോട് സിറ്റി പരിധിയിലെ 25 ഉം റൂറലിലെ 39 ഉം സ്കൂളുകളില്‍ നിന്നായി ആയിരത്തിലേറെ എസ്.പി.സി വിദ്യാര്‍ഥികളാണ് ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായത്.
ബൂത്തിലെത്താന്‍ ബുദ്ധിമുട്ടുള്ളവരുണ്ടെന്ന് അറിയിച്ചാല്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ വിദ്യാര്‍ഥികള്‍ വോട്ടര്‍മാരെ ബൂത്തിലേക്ക് കൊണ്ടുവരും. നടക്കാന്‍ സാധിക്കാത്തവര്‍ക്ക് വീല്‍ചെയര്‍ സൗകര്യവുമുണ്ടായിരുന്നു. ചില ബൂത്തുകളില്‍ പൊലിസുകാരെ സഹായിക്കുന്ന എസ്.പി.സി വിദ്യാര്‍ഥികളെയും കാണാമായിരുന്നു. സബ് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കിയതെന്നും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയുമായിരുന്നു ലക്ഷ്യമെന്നും ജില്ലയിലെ എസ്.പി.സിയുടെ ചുമതലയുള്ള സന്തോഷ് കുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള പ്രായമായില്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായതിന്റെ നിര്‍വൃതിയിലാണ് സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."