മാവോയിസ്റ്റ് മേഖലയിലും ശക്തമായ പോളിങ്
കോഴിക്കോട്: ജില്ലയിലെ മാവോയിസ്റ്റ് ഭീഷണി മേഖലയിലും ശക്തമായ പോളിങ്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ ചെമ്പുകടവ് ഗവ. സ്കൂളിനാണ് കൂടുതല്‍ സുരക്ഷ ഒരുക്കിയത്. നേരത്തെ സമീപ പ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തിയത് കണക്കിലെടുത്ത് ഇവിടെ കേന്ദ്ര സേനയും കര്‍ണാടക പൊലിസിന്റെ സായുധ വിഭാഗവും സംസ്ഥാന പൊലിസിനൊപ്പം സുരക്ഷയൊരുക്കി.
പോളിങ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന സ്കൂളിനോട് ചേര്‍ന്നുള്ള ചെമ്പുകടവ് ചക്കിപ്പുഴയില് സായുധസേനയുടെ കാവലൊരുക്കി. സമീപത്തെ കാടുകളില്‍നിന്ന് മാവോയിസ്റ്റുകള്‍ എത്തുന്നത് ഈ പുഴകടന്നാണ്. നാലു ബൂത്തുകളാണ് ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചത്. വൈകിട്ട് മൂന്നോടെ ഈ സ്കൂളിലെ 35-ാം ബൂത്തില്‍ 34.8 ശതമാനം വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗം വോട്ട് ചെയ്യുന്നതും ചെമ്പുകടവ് സ്കൂളിലാണ്. ഇവിടത്തെ 35-ാം ബൂത്തിലെ 905 വോട്ടര്‍മാരില്‍ 80ലേറെ പേര് ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരാണ്. സമീപത്തെ അംബേദ്കര്‍, തേക്കുംതോട്, പാത്തിപാറ, പോത്തിന്ചുവട് ആദിവാസി മേഖലകളിലെ പണിയര്‍ വിഭാഗത്തില്‍പ്പെടുന്നവരാണ് ഇവര്‍. വൈകിട്ടോടെ ഇവരില്‍ ഭൂരിഭാഗവും വോട്ട് ചെയ്യാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."