രാവിലെയും വൈകിട്ടും തിരക്കോട് തിരക്ക്
കോഴിക്കോട്: ജില്ലയില്‍ രാവിലെയും വൈകിട്ടും വോട്ട് രേഖപ്പെടുത്താന്‍ തിരക്കോട് തിരക്ക്. മിക്ക ബൂത്തുകളിലും രാവിലെ ഏഴിന് പോളിങ് ആരംഭിക്കുമ്പോള്‍ നീണ്ടനിര ദൃശ്യമായി. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കൊടുവള്ളി നിയോജക മണ്ഡലത്തിലാണ് രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തിയത്. 20.14, കോഴിക്കോട് നോര്‍ത്ത് (19.04), കുന്ദമംഗലം (18.99), ബാലുശ്ശേരി (18.29) ശതമാനം വോട്ട് രേഖപ്പെടുത്തി. ബേപ്പൂരിലാണ് രാവിലെ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലം. 16.73 ശതമാനം.
വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ രാവിലെ 10ന് 17.71 ശതമാനം വോട്ട് രേഖപ്പെടുത്തി. പേരാമ്പ്ര, നാദാപുരം മണ്ഡലങ്ങളില്‍ 18 ശതമാനമായിരുന്നു പോളിങ്. വയനാട് മണ്ഡലത്തില്‍പ്പെട്ട തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ 20.35 പേര് രാവിലെ പത്തിനകം വോട്ട് രേഖപ്പെടുത്തി. വിവിധ ബൂത്തുകളിലും രാവിലെ പോളിങ് കൂടുതല്‍ രേഖപ്പെടുത്തി.
രാവിലെ 10ന് എന്‍.ഐ.ടി ഹൈസ്കൂളില്‍ 44-ാം നമ്പര്‍ ബൂത്തിലും മുക്കം എം.എ.എം.ഒ സ്കൂളിലെ 122-ാം നമ്പര്‍ ബൂത്തിലും 12 ശതമാനം വോട്ട് രേഖപ്പെടുത്തി. കാരശ്ശേരിയിലെ ഹാജി കോയക്കുട്ടി മെമ്മോറിയല്‍ യു.പി സ്കൂളിലെ 149-ാം ബൂത്തില്‍ 10.45 ഓടെ 25 ശതമാനം വോട്ട് പോള്‍ ചെയ്തു. വയനാട് മണ്ഡലത്തിലെ തിരുവമ്പാടി സേക്രട്ട് ഹാര്‍ട് യു.പി സ്കൂളിലെ 77-ാം ബൂത്തില്‍ രാവിലെ 11 ന് പോളിങ് 34 ശതമാനത്തിലെത്തി.
ആദിവാസി മേഖലയായ ചെമ്പുകടവ് ഗവ. സ്കൂളിലെ 35 ബൂത്തില്‍ 34.8 ശതമാനമായി 12 മണിയോടെ പോളിങ്. താമരശ്ശേരി ചെമ്പ്രയിലെ 34-ാം ബൂത്തില്‍ ഉച്ചയക്ക് ഒന്നോടെ 59 ശതമാനമായിരുന്നു. ചൂലാംവയല്‍ മാപ്പിള യു.പി സ്കൂളില്‍ ബൂത്ത് 11ല്‍ ഉച്ചയോടെ പോളിങ് 60 ശതമാനമായി. നഗരത്തില്‍ മലാപറമ്പ് ഗവ. എ.യു.പി സ്കൂളില്‍ മൂന്നോടെ പോളിങ് 50 ശതമാനമായി. പരപ്പില്‍ എം.എം സ്കൂളിലെ 29 ബൂത്തില്‍ വൈകിട്ട് മൂന്നിന് 55 ശതമാനമായിരുന്നു. ഗ്രാമ പ്രദേശങ്ങളില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. നഗരത്തില്‍ സാധാരണ മന്ദഗതിയിലാകുന്ന പോളിങ് ഇത്തവണ ശക്തമായ രീതിയിലായിരുന്നു. വൈകിട്ട് അഞ്ചിന് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ 66.60 ഉം സൗത്ത് മണ്ഡലത്തില്‍ 64.71 ശതമാനം വോട്ടും പോള്‍ ചെയ്തു. 70 ശതമാനം വോട്ട് പോള്‍ ചെയ്ത കൊടുവള്ളിയാണ് പോളിങില്‍ എപ്പോഴും മുന്നില്‍ നിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."