തദ്ദേശ തെരഞ്ഞെടുപ്പ് ഓണത്തിനു ശേഷം രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഓണത്തിനുശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിക്കും. കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്ക് വോട്ട് ചെയ്യാനുള്ള മാനദണ്ഡം നിശ്ചയിക്കുക.
കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടോ പ്രോക്സി വോട്ടോ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായം തേടാതെ കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടിന് ശുപാര്‍ശ ചെയ്ത കമ്മിഷന്റെ നിലപാടിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തപാല്‍ വോട്ട് ഏര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡം വന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പൂര്‍ണനിയന്ത്രണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചില മാറ്റങ്ങള്‍ വേണ്ടിവരുമെന്നാണ് സംസ്ഥാന കമ്മിഷന്റെ വിലയിരുത്തല്‍. അതിനാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായം ആരാഞ്ഞതിനുശേഷം വിശദമായ മാനദണ്ഡം രൂപീകരിക്കാനാണ് തീരുമാനം.
ആരോഗ്യപ്രവര്‍ത്തകരുമായി ഒരുതവണ കൂടി ചര്‍ച്ചചെയ്ത ശേഷമായിരിക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം. പ്രചാരണത്തിലുള്‍പ്പെടെ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."