സ്ത്രീകള്‍ക്കെതിരേ അതിക്രമം; ഹരിയാനയില്‍ ഐ.ജി അറസ്റ്റില്‍
ചണ്ഡിഗഢ്: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനു വിഡിയോ സഹിതം നല്കപ്പെട്ട പരാതിയില്‍ ഹരിയാനയിലെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. ഐ.ജി ഹേമന്ത് കല്സണാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച് രണ്ടു കേസുകളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ ഐ.ജി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു സ്ത്രീകളെ ഉപദ്രവിച്ചെന്നാണ് കല്സണെതിരേയുള്ള കേസ്. ഐ.ജി താമസിക്കുന്ന രാത്പൂര് കോളനിയിലെ താമസക്കാരാണ് പരാതിക്കാര്‍.
വീട്ടില്‍ അതിക്രമിച്ചുകയറി തന്റെ മകളെ ഉപദ്രവിച്ചെന്ന് ഒരാളും വീട്ടില്‍ അതിക്രമിച്ചു കയറി തന്റെ ഭാര്യയെ ഉപദ്രവിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു മറ്റൊരാളും പരാതിപ്പെട്ടിരുന്നു. ഐ.ജി സ്ത്രീകളെ ഉപദ്രവിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോകള്‍ പിന്നാലെ വൈറലാകുകയും ചെയ്തതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തനിക്കു മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറുമായും ഉന്നത നേതാക്കളുമായും ബന്ധമുണ്ടെന്ന് ഐ.ജി ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിലുണ്ട്. ഇദ്ദേഹം മദ്യലഹരിയിലായിരുന്നെന്നും വിവരമുണ്ട്.
ദിവസങ്ങള്‍ക്കു മുന്‍പു നടന്ന സംഭവങ്ങളിലാണ് ഇപ്പോള്‍ ഐ.ജി പിടിയിലായിരിക്കുന്നത്. നേരത്തെയും വിവാദത്തില്‍പെടുകയും പലതവണ സസ്പെന്‍ഷനിലാകുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ഹേമന്ത് കല്സണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."