പ്രളയക്കെടുതി: കുടകില്‍ ഇനി പുനരധിവാസം
മടിക്കേരി: കേരളത്തിനൊപ്പം കുടകില്‍ ദുരിതംവിതച്ച പ്രളയക്കെടുതിക്ക് അയവ് വന്നതോടെ ഇനി മുഖ്യപ്രശ്‌നം പുനരധിവാസം. നാലായിരത്തോളം പേരാണ് ജില്ലയില്‍ 34 ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കലാണ് ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മുന്‍പിലുള്ള പ്രധാന കടമ്പ. മുക്കോളു, മക്കന്തൂറു, മേഘത്താളു ഗ്രാമങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. പ്രദേശങ്ങളിലെ വീടുകളും റോഡുകളും വൈദ്യുതി ബന്ധവും പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്. മടിക്കേരി-സുള്ള്യ ദേശീയപാതയിലെ ജോടുപാലയിലേയും അവസ്ഥ മറിച്ചല്ല. അഞ്ഞൂറിലധികം ആളുകളെയാണ് ഇവിടെനിന്നു മാറ്റി പാര്‍പ്പിച്ചത്. മടിക്കേരിയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള ജോടുപാല വരെയുള്ള റോഡും അങ്ങിങ്ങായി തകര്‍ന്നു കിടക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ കാലതാമസമെടുക്കുമെന്ന് ദേശീയപാതാ അധികൃതര്‍ പറയുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതി ദുരന്തത്തിനാണു കുടക് സാക്ഷിയായത്. കുടകിന്റെ സാമ്പത്തിക മേഖലയേയും പ്രളയം കാര്യമായി ബാധിച്ചു. മുക്കോടു ഭാഗങ്ങളിലെ കുടുംബങ്ങള്‍ക്കു തലചായ്ക്കാന്‍ ഇടമില്ലെന്നു മാത്രമല്ല ഇവര്‍ ജോലിചെയ്യുന്ന ആയിരത്തിലേറെ ഏക്കര്‍ കാപ്പിതോട്ടങ്ങളും മണ്ണിനടിയിലാണ്. ജില്ലയുടെ മുഖ്യ വരുമാന മാര്‍ഗമായ വിനോദ സഞ്ചാര മേഖലയ്ക്കും കനത്ത ആഘാതമേറ്റു. ജില്ലയുടെ ചുമതലയുള്ള മന്ത്രി സാറാ മഹേഷ് കുടകിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി കലക്ടറുമായി ചര്‍ച്ച നടത്തി. ദുരിതാശ്വാസ ക്യാംപുകള്‍ക്കു വേണ്ടതെല്ലാം കുറ്റമറ്റ രീതിയില്‍ ചെയ്യാന്‍ ഉത്തരവാദപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ 104 പഞ്ചായത്തുകള്‍ക്ക് ആവശ്യമായ തുക കൈമാറിയിട്ടുണ്ടെന്നു കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."