ഇതര രാജ്യങ്ങളില്‍നിന്നുള്ള സഹായം നിരാകരിക്കരുത്: പി. കരുണാകരന്‍ എം.പി
കാസര്‍കോട്: രൂക്ഷമായ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത സഹായം നിരാകരിക്കരുതെന്ന് സി.പി.എം ലോക്‌സഭാ കക്ഷി നേതാവ് പി. കരുണാകരന്‍ എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ദുരിത ബാധിതരെ സഹായിക്കാന്‍ ലോക രാജ്യങ്ങള്‍ തയാറായിട്ടും അത് നിരസിക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണ്.
അതിജീവനത്തിനും പുനരധിവാസത്തിനുമൊപ്പം പ്രധാനമാണ് പുനര്‍നിര്‍മാണ പ്രക്രിയയും. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് പ്രളയക്കെടുതി കൈകാര്യം ചെയ്തത്. യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെ രാജ്യങ്ങള്‍ സഹായം നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും പ്രളയക്കെടുതിയെ നേരിടാന്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയോടു മുഖംതിരിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെത്. ലോകം മുഴുവന്‍ പിന്തുണയുമായി വരുമ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്തുന്ന കേന്ദ്ര നയം തിരുത്തണം.
2005ലെ ദേശീയ ദുരന്ത നിവാരണ നിയമവും 2009ലെ ഇതുസംബന്ധിച്ച നയവും സമഗ്രമായ സമീപനമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ 2015ലെ അന്തര്‍ദേശീയ കരാറില്‍ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ.
2016ല്‍ ആഭ്യന്തര വകുപ്പ് തയാറാക്കിയ ദുരന്തനിവാരണ കര്‍മ പദ്ധതി പ്രകാരം ഇതര രാജ്യങ്ങള്‍ സ്വയം സന്നദ്ധരായി സഹായം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ഐക്യരാഷ്ട്ര സഭയുടെ സഹായവും സ്വീകരിക്കാം. ഇതിനു സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാന്‍ കര്‍മ പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.
കേരളത്തിന്റേത് അതീവ ഗുരുതരമായ സാഹചര്യമാണ്. ലക്ഷക്കണക്കിനാളുകള്‍ സമാനതകളില്ലാത്ത ദുരിതത്തിലാണ്. ദേശീയ ദുരന്ത നിവാരണ കര്‍മ പദ്ധതിയില്‍ പ്രതിപാദിച്ചതിന്റെ അടിസ്ഥാനത്തില്‍ യു.എ.ഇ ഉള്‍പ്പെടെ ഇതര രാജ്യങ്ങളുടെ സഹായം സ്വീകരിക്കണമെന്നും എം.പി ചൂണ്ടിക്കാട്ടി.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനും എം.പി നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."