പട്ടാപ്പകല്‍ കവര്‍ച്ച: പണവുമായി മോഷ്ടാവ് രക്ഷപ്പെട്ടു
കാസര്‍കോട്: പട്ടാപ്പകല്‍ കവര്‍ച്ച നടത്തി പണവുമായി മോഷ്ടാവ് രക്ഷപ്പെട്ടു. തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലാണ് സംഭവം. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഹാശിം സ്ട്രീറ്റിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഓട്ടോഡ്രൈവര്‍ ഹാശിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇയാള്‍ പള്ളിയില്‍ പോയ സമയം പൂട്ടിയിട്ട വീടിന്റെ ഓടിളക്കിമാറ്റി അകത്തു കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 56,000 രൂപ കവര്‍ച്ച ചെയ്തു രക്ഷപ്പെടുകയായിരുന്നു.
അതേ സമയം തെരുവത്ത് സിറാമിക്സ് റോഡിലെ രണ്ടു ക്വാര്‍ട്ടേഴ്സുകളിലും കവര്‍ച്ച നടന്നു. തമിഴ്നാട് സ്വദേശി പ്രകാശന് താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍നിന്നു 15,000 രൂപയും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും കവര്‍ച്ച ചെയ്തതായാണു പരാതി. മറ്റൊരു ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സ്ത്രീ സ്വദേശത്തായതിനാല് അവിടെനിന്ന് എന്തൊക്കെ കവര്‍ച്ച ചെയ്തിട്ടുണ്ടെന്നു വ്യക്തമായിട്ടില്ല.
ഹാശിം ജുമുഅ നിസ്കാരത്തിനായി പള്ളിയില്‍ പോയതായിരുന്നു. ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്കു പോയതിനാല്‍ ഹാശിം വീടുപൂട്ടിയായിരുന്നു പള്ളിയിലേക്കു പോയത്. പള്ളിയില്‍നിന്നു തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. വീടിന്റെ പിറകുവശത്തെ ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തളങ്കര തെരുവത്ത് ഭാഗങ്ങളില്‍ മോഷണ സംഘത്തിന്റെ ശല്യം രൂക്ഷമായിട്ടുണ്ട്. നേരത്തെ തെരുവത്ത് കോയാസ് ലൈനിലെ ഒരു വീട്ടില്‍ രാത്രിസമയത്ത് കവര്‍ച്ചാ ശ്രമം നടന്നിരുന്നുവെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."