തിളച്ചുമറിയുന്ന തീച്ചൂളയെ കെടുത്തിയ പ്രളയം; പ്രതിസന്ധിയിലായി മണ്‍പാത്ര വ്യവസായം
മുക്കം: തിളച്ചുമറിയുന്ന തീച്ചൂളയില്‍ ചുട്ടെടുക്കുന്ന മണ്‍പാത്രങ്ങളില്‍ ഇപ്പോള്‍ പാകം ചെയ്യുന്നത് മുഴുപ്പട്ടിണി മാത്രമാണ്. പ്രതാപം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മണ്‍പാത്ര വ്യവസായത്തെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് വെള്ളപ്പൊക്ക ദുരന്തം.
അതിവേഗം തിരിയുന്ന ചക്രത്തില്‍ കുഴച്ചെടുത്ത് പാകപ്പെടുത്തിയ കളിമണ്ണില്‍ ഇവര്‍ വിരിയിക്കുന്നത് സ്വന്തം പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. എന്നാല്‍ അപ്രതീക്ഷിതമായി വന്നെത്തിയ പ്രളയജലം ഇവരുടെ പ്രതീക്ഷകളെ ഉടച്ചു.
കേരളത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന കുംഭാര സമുദായത്തില്‍പെട്ടവരുടെ കുലത്തൊഴിലും ജീവനോപാധിയുമാണിത്. മണ്‍പാത്ര നിര്‍മാണം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുമെങ്കിലും അത്ര സുന്ദരമല്ല ഇതു നിര്‍മിക്കുന്ന ഇവരുടെ ജീവിതം. കളിമണ്ണിന്റെ ലഭ്യതക്കുറവും മണ്‍പാത്രങ്ങളോടുള്ള താല്‍പര്യക്കുറവും ഈ വ്യവസായത്തെ മരണാസന്നമാക്കി മാറ്റി. മലയാളിയുടെ അടുക്കള മണ്‍പാത്രങ്ങളില്‍ നിന്ന് അലുമിനിയം പാത്രങ്ങളിലേക്കും സ്റ്റീല്‍ പാത്രങ്ങളിലേക്കും കളംമാറിയതോടെ ഇവരില്‍ പലരും നിവൃത്തികേടുകൊണ്ട് മറ്റു തൊഴിലുകള്‍ തേടിപ്പോയി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സമുദായം ഇത്തരത്തില്‍ കുലത്തൊഴിലുമായി കഴിയുന്നുണ്ട്. ചാത്തമംഗലം ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡില്‍ ഇത്തരത്തില്‍ നാലോളം കുടുംബങ്ങള്‍ ഇപ്പോഴും മണ്‍പാത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അടുക്കളയില്‍നിന്ന് മണ്‍പാത്രങ്ങള്‍ പടിയിറങ്ങിയതോടെ ചെടിച്ചട്ടികളും മറ്റുമായിരുന്നു ഇവരുടെ പട്ടിണി മാറ്റിയിരുന്നത്. എന്നാല്‍ ആ രംഗത്തേക്കു പ്ലാസ്റ്റിക്കും ഫൈബറും ഒക്കെ കടന്നുവന്നതോടെ ഇവരുടെ ജീവിതം വീണ്ടും വറുതിയുടെ തീരത്തായി.
ഓണം അടക്കമുള്ള ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന വിപണന മേളകളായിരുന്നു ഇവരുടെ അവസാന തുരുത്ത്. എന്നാല്‍ ഇത്തവണ ഇരച്ചെത്തിയ പ്രളയം ആ പ്രതീക്ഷയൊന്നാകെ തകര്‍ത്തുകളഞ്ഞു. ഏറെ കഷ്ടപ്പെട്ട് ഓണവിപണി ലക്ഷ്യംവച്ച് മണ്‍പാത്രങ്ങള്‍ നിര്‍മിച്ചുവെങ്കിലും അത് ഉണക്കിയെടുക്കാനോ ചൂളക്കുവച്ച് പാകപ്പെടുത്താനോ ഇവര്‍ക്ക് കഴിഞ്ഞില്ല. കനത്ത മഴയില്‍ ഇവരുടെ ചൂള നശിച്ചു. അല്‍പമെങ്കിലും വില്‍പന നടക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്ന ഘട്ടത്തില്‍ ഉണ്ടായ ദുരിതത്തില്‍ തകര്‍ന്നിരിക്കുകയാണ് ഇവര്‍.
പലദിവസങ്ങളിലും പട്ടിണിയിലാണെന്ന് ദീര്‍ഘകാലമായി മണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എടഞ്ഞിക്കോളില്‍ രവീന്ദ്രന്‍ പറയുന്നു. ആദ്യമൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റും ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും നിലച്ചുപോയതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പാരമ്പര്യത്തെയും കുലത്തൊഴിലിനെയും വലിയ മഹാത്മ്യമായി കരുതുന്നത് കൊണ്ട് മാത്രമാണ് കുംഭാര സമുദായക്കാര്‍ ഇപ്പോഴും ഈ രംഗത്തു തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."