കുടിവെള്ളം മുതല്‍ ആംബുലന്‍സ് വരെ; മാതൃകയായി മാതൃകാ പോളിങ് സ്റ്റേഷന്‍
കൊണ്ടോട്ടി: താലൂക്കിലെ മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം മുതല്‍ ആംബുലന്‍സ് സേവനം വരെ. അഞ്ച് മാതൃകാ പോളിങ് സ്‌റ്റേഷനുകളാണ് താലൂക്കിലുണ്ടായിരുന്നത്. കൊണ്ടോട്ടി തുറയ്ക്കല്‍ ജി.എല്‍.പി സ്‌കൂള്‍, വാഴക്കാട് കൊയപ്പത്തൊടി ദാറുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ രണ്ട് ബൂത്തുകള്‍, എടവണ്ണപ്പാറ ചാലിയപ്പുറം ജി.യു.പി സ്‌കൂളിലെ രണ്ടു ബൂത്തുകള്‍ എന്നിവയിലാണ് വോട്ടര്‍മാര്‍ക്ക് മുഴുവന്‍ സൗകര്യങ്ങളും ഒരുക്കിയിരുന്നത്.
കുടിവെള്ളം, വിശ്രമ സ്ഥലം, ആതുര സേവനമടക്കം ബൂത്തുകള്‍ക്ക് സമീപം സജീകരിച്ചിരുന്നു. സമീപത്തെ ആശുപത്രിയുമായി സഹകരിച്ചാണ് ഇത് സാധ്യമാക്കിയത്. സേവനങ്ങള്‍ വോട്ടര്‍മാരും പ്രയോജനപ്പെടുത്തി. അഞ്ച് വനിതാ പോളിങ് സ്റ്റേഷനുകളുമാണ് താലൂക്കില്‍ പ്രവര്‍ത്തിച്ചത്. കാളോത്ത് എ.എം.എല്‍.പി സ്‌കൂളിലെ രണ്ടു ബൂത്തുകള്‍, നീറാട് എ.എം.എല്‍.പി സ്‌കൂളിലെ രണ്ടു ബൂത്തുകള്‍, കോടങ്ങാട് മിസ്ബുല്‍ ഇസ്‌ലാം മദ്‌റസ എന്നിവയിലെ തെരഞ്ഞെടുപ്പാണ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിച്ചത്. വാഴക്കാട് പഞ്ചായത്തിലെ ചാലിയപ്രം സ്‌കൂളിലെ 39-ാം നമ്പര്‍ ബൂത്താണ് മാതൃകാബൂത്തായത്. ലീഗല്‍ വളണ്ടിയര്‍മാരുടെ സേവനം മാതൃകാബൂത്തിന് മാറ്റുകൂട്ടി. പ്രഷര്‍ ചെക്കപ്പ്, ഫസ്റ്റ്എയ്ഡ്, പ്രായമായവര്‍ക്കുള്ള വീല്‍ചെയര്‍, വാക്കര്‍, കമ്മോഡ്, കുട്ടികള്‍ക്ക് കളിക്കാനുള്ള കളിയുപകരണങ്ങള്‍, മുലയൂട്ടല്‍ കേന്ദ്രം, റെസ്റ്റ് റൂം, കുടിവെള്ളം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരുന്നു. അംഗപരിമിതര്‍ക്ക് മാതൃകാബൂത്ത് ഏറെ ആശ്വാസമായി. ലീഗല്‍വളണ്ടിയര്‍ ഭൂവനദാസ്, സാമൂഹ്യപ്രവര്‍ത്തക റുഖിയഅഷ്‌റഫ്, ആശാവര്‍ക്കര്‍ ആയിശ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."