കെ.എം.സി.സിയുടെ ഇടപ്പെടൽ വഴി നാല് മലയാളികൾ നാടണഞ്ഞു
റിയാദ്: തൊഴിൽ പ്രശ്നങ്ങളിൽപെട്ട് ദുരിത ജീവിതം നയിച്ചിരുന്ന 4 മലയാളികളെ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർവിംഗിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചു. പത്തനംതിട്ട ജില്ലക്കാരായ അരുവിക്കുഴിയിൽ അനീഷ് കുമാർ, അയിരൂർ കാഞ്ഞീറ്റുകര വാഴയിൽ തോമസ് അലക്സാണ്ടർ, കോഴിക്കോട് സ്വദേശി നൗഫൽ അബ്ദുൽ ജബ്ബാർ എന്നിവരെ കൂടാതെ ഒരു കണ്ണൂർ സ്വദേശിയെയുമാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്.
ഡ്രൈവർ വിസയിലായിരുന്നു അനീഷ് കുമാറും തോമസ് അലക്സാണ്ടറും കഴിഞ്ഞ വർഷം നവമ്പറിൽ റിയാദിലെത്തിയത്. എന്നാൽ ഡ്രൈവർ ജോലിക്ക് പകരം ഒരാൾക്ക് കൃഷിത്തോട്ടത്തിലും മറ്റൊരാൾക്ക് ഒട്ടക ഫാമിലുമായിരുന്നു സ്പോൺസർ ജോലി നൽകിയത്. റിയാദ് കെ.എം.സി.സി വെൽഫെയർവിങ്ങിന് ലഭിച്ച ഫെയിസ് ബുക്ക് പോസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഈ കേസിൽ അന്വേഷണം നടത്തിയത്. മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയിൽ ഇരുവരും വളരെ പ്രയാസപ്പെട്ടു. ഭക്ഷണവും ശമ്പളവും കൃത്യമായി ലഭിക്കാതെ വന്നപ്പോൾ ഇരുവരും നാട്ടിൽ തങ്ങളുടെ ദയനീയാവസ്ഥ അറിയിച്ചിരുന്നു. തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി.കെ.രാമചന്ദ്രൻ നായർ വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതനുസരിച്ച് ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെ വിഷയത്തിലിടപ്പെടാൻ ചുമതപ്പെടുത്തുകയും ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫയും, വെൽഫെയർ വിങ്ങ് വളണ്ടിയർമാരായ ഇംഷാദ് മങ്കട, ഉനൈസ് കാളികാവ് എന്നിവരും പ്രശ്നത്തിലിടപ്പെട്ടു. നിരന്തര ഇടപ്പെടലുകൾക്കൊടുവിൽ ഇവർക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക തൊഴിലുടമ നൽകാൻ തയ്യാറായി. കഴിഞ്ഞ ദിവസം റിയാദിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഇരുവരും നാട്ടിലെത്തിയത്. ഇരുവർക്കുമുള്ള ടിക്കറ്റ് റിയാദിലെ ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകരാണ് നൽകിയത്.
റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം ചടയമംഗലം കുറിയോട് സ്വദേശി നൗഫൽ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ് വെൽഫെയർ വിംഗിനെ ബന്ധപ്പെടുന്നത്. വാഹനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്പോൺസറുമായി തർക്കത്തിലായ നൗഫലിന് ഭക്ഷണവും ശമ്പളവുമെല്ലാം നിഷേധിക്കപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് നൗഫലിന് ഭക്ഷണവും മറ്റും വെൽഫെയർ വിംഗ് അംഗങ്ങൾ എത്തിച്ചു നൽകി. തുടർന്ന് വെൽഫെയർ വിംഗ് അംഗം സമീർ തിട്ടയിൽ നിരവധി തവണ സ്പോൺസറുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് എക്സിറ്റ് അടിച്ചു നൽകിയത്. ഒടുവിൽ കെ.എം.സി.സി നൽ കിയ ടിക്കറ്റിൽ നൗഫലും നാട്ടിലെത്തി.
നിയമ കുരുക്കിലകപ്പെട്ട കണ്ണൂർ സ്വദേശി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇഖാമ കാലാവധി തീർന്നതിനെ തുടർന്ന് തർഹീൽ വഴി എക്സിറ്റ് അടിക്കാൻ ശ്രമിച്ചെങ്കിലും സ്വന്തം പേരിൽ വാഹനമുണ്ടായിരുന്നതിനാൽ നടന്നില്ല. സിദ്ദിഖ് തുവ്വൂർ മുനിസിപ്പാലിറ്റിയും, ട്രാഫിക് ഡിപ്പാർട്ട്മെന്റുമായും ബന്ധപ്പെട്ടാണ് രേഖകൾ ശരിയാക്കിയത്. തുടർന്ന് സാമൂഹ്യ പ്രവർത്തകൻ നേവൽ ഇടപെട്ട് എക്സിറ്റ് അടിച്ചു നൽകുകയും കെ.എം.സി.സി നൽകിയ ടിക്കറ്റിൽ നാട്ടിലെത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."