ദേശീയ-അന്തര്‍ദേശീയ നീന്തല്‍താരങ്ങളുള്ള ജില്ലയില്‍ നീന്തല്‍ക്കുളം പേരിലൊതുങ്ങുന്നു
മലമ്പുഴ: മലമ്പുഴ ഉദ്യാനത്തില്‍ ആധുനിക നീന്തല്‍ക്കുളം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സംസ്ഥാനത്തില്‍ നിരവധി ദേശീയ-അന്തര്‍ദേശീയ നീന്തല്‍ത്താരങ്ങളെ സംഭാവന ചെയ്ത പാലക്കാട് ജില്ലയില്‍ ഇപ്പോഴും നീന്തല്‍ക്കുളം അന്യമാണ്. 1974ലാണ് പാലക്കാട് ശാസ്ത്രീയമായി നീന്തല്‍ പരിശീലനം ആരംഭിച്ചത്. അതുവരെ തിരുവനന്തപുരത്ത് മാത്രമായിരുന്നുപരിശീലനമുണ്ടായിരുന്നത്. കാവശ്ശേരി ഇരട്ടക്കുളം, പല്ലശന ഒക്കണാംകോട് കുളം, കാക്കയൂര്‍ ശിവക്ഷേത്രക്കുളം എന്നിവിടങ്ങളില്‍ നീന്തല്‍പരശീലനം നടത്തിയിരുന്നു. തുടര്‍ന്നുള്ള മത്സരങ്ങള്‍ മലമ്പുഴ ഡാമിലെ 25 മീറ്റര്‍ നീന്തല്‍ക്കുളത്തിലായിരുന്നു. ജില്ലയില്‍ നൂറു കണക്കിന് നീന്തല്‍ത്താരങ്ങള്‍ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. മാധവദാസ്, ജനാര്‍ദ്ദനന്‍, രാമകൃഷ്ണന്‍, വിനോദ്, ഉദയകുമാര്‍, എം. ഉഷ, മനുഷ, എം മിനി, സി പ്രിയ എന്നിവര്‍ നിരവധി മത്സരങ്ങളില്‍ ദേശീയ താരങ്ങളായി. കേരളത്തില്‍നിന്ന് കഴിഞ്ഞ ദേശീയ ഗെയിംസില്‍ എം. മിനി, സി.പ്രിയ എന്നിവര്‍ കേരളാ നീന്തല്‍ ടീമിലെ അംഗങ്ങളായിരുന്നു. തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ ആധുനികരീതിയില്‍ നീന്തല്‍ക്കുളങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍, പാലക്കാട്ടുകാര്‍ക്ക് ഇപ്പോഴും ഗ്രാമീണ കുളങ്ങള്‍ മാത്രമാണ് പരിശീലനത്തിന് ആശ്രയം. മലമ്പുഴയില്‍ 25 മീറ്റര്‍ നീന്തല്‍ക്കുളം നാലുവര്‍ഷം മുമ്പ് അടച്ചതോടെ ജില്ലാതല മത്സരങ്ങള്‍ നടത്താനാവുന്നില്ല. നിലവാരം കുറഞ്ഞ കുളങ്ങളിലാണ് ജില്ലാതല മത്സരങ്ങള്‍ നടത്തുന്നത്. പാലക്കാട് ഇന്‍ഡോര്‍ സ്‌റ്റേഡിയവുമായി ബന്ധപ്പെടുത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍ നീന്തല്‍ക്കുളം നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ വന്നതോടെ നീന്തല്‍ക്കുളവും ഇന്‍ഡോര്‍ സ്‌റ്റേഡിയവും കടുത്ത അവഗണനയിലായി. മലമ്പുഴ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും നീന്തല്‍ക്കുളം മാത്രം മെച്ചപ്പെടുത്തിയിട്ടില്ല. നീന്തല്‍ പരിശീലനത്തിലൂടെ മലമ്പുഴ ഉദ്യാനത്തിന് വരുമാനം ഉണ്ടാക്കാനാവും. മികച്ച പരിശീലകരേയും ലൈഫ് ഗാര്‍ഡുമാരേയും പാലക്കാട് ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ നല്‍കാന്‍ തയ്യാറാണ്. മലമ്പുഴ ഉദ്യാനം നവീകരിക്കാന്‍ വരുന്ന പദ്ധതികളിലെങ്കിലും നിലവിലെ 25 മീറ്റര്‍ നീന്തല്‍ക്കുളം നവീകരിക്കുകയോ പുതുതായി 50 മീറ്റര്‍ നീന്തല്‍ക്കുളം നിര്‍മിക്കുകയോ ചെയ്യണമെന്ന് ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."