കേരള ബേര്‍ഡ് അറ്റ്‌ലസിനായി ജില്ലയിലെ പക്ഷികളുടെ കണക്കെടുക്കുന്നു
സര്‍വ്വെ നടത്തുന്നത് രണ്ടുഘട്ടങ്ങളിലായി
പാലക്കാട്: ജില്ലയിലെ വര്‍ഷകാല പക്ഷി സര്‍വ്വേയ്ക്ക് തുടക്കമായി. കേരള ബേര്‍ഡ് അറ്റ്‌ലസിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ജില്ലയിലെ വനമേഖലയൊഴികെയുള്ള പ്രദേശങ്ങളിലെ പക്ഷികളുടെ തരംതിരിച്ചും, ആവാസസ്ഥലങ്ങള്‍, പ്രജനന കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചുമുള്ള സര്‍വേ നടത്തുന്നത്. പക്ഷി നിരീക്ഷകരും പക്ഷി ഗവേഷകരും പ്രകൃതി പരിസ്ഥിതി സന്നദ്ധ പ്രവര്‍ത്തകരും മണ്ണുത്തി ഫോറസ്ട്രി കോളജ് വിദ്യാര്‍ത്ഥികളും ഗവേഷകരുമടങ്ങുന്ന സംഘമാണ് ആനക്കട്ടി സലിംഅലി പഠന ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ സര്‍വേ നടത്തുന്നത്. രണ്ടുഘട്ടമായുള്ള സര്‍വെയുടെ ആദ്യഘട്ടം ഇന്നലെ തുടങ്ങി. ഇത് സെപ്റ്റംബര്‍ 13 വരെ നീളും.രണ്ടാംഘട്ടം ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ്. സര്‍വേ ജില്ലയിലെ വനേതരമേഖലയെ പന്ത്രണ്ടു ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. ഓരോ ക്ലസ്റ്ററുകളെയും വിഭജിച്ച് 210 സബ് സെല്ലുകളായി തിരിച്ച് ഗൂഗിള്‍ മാപ്പ്, ലോക്കസ് മാപ്പ്, ജി.പി.എസ് എന്നീ സംവിധാനങ്ങളുടെ സഹായവും സര്‍വേയ്ക്കായി ഉപയോഗിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളായ സ്മാര്‍ട്ട് ഫോണ്‍, ടാബ് ലെറ്റ്, കമ്പ്യൂട്ടര്‍ സ്‌പ്രെഡ്ഷീറ്റ്, കെ.എം.എല്‍. ഫയല്‍ എന്നിവയുടെ സഹായവും വിനിയോഗിക്കുന്നതാണെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. ഓരോ സെല്ലുകളിലും നേരിട്ടെത്തി നിശ്ചിത ഇടവേളകളില്‍ ഓരോ ലൈനായി രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകുന്നേരം നാലു മുതല്‍ ഏഴുവരെയുമാണ് പക്ഷികളുടെ വിവരങ്ങള്‍ ശേഖരിക്കുക. ഇപ്രകാരം ജില്ലയിലെ എണ്‍പതു ശതമാനം പ്രദേശങ്ങളിലും സര്‍വേ പൂര്‍ത്തിയാക്കാനാണ് ശ്രമം. പ്രധാന സര്‍വേയ്ക്കു മുന്നോടിയായി പ്രാരംഭ പരിശീലന സര്‍വേ ഏപ്രില്‍ മാസത്തില്‍ പക്ഷി നിരീക്ഷകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ നടത്തിയിരുന്നു. ജില്ലയിലെ വര്‍ഷക്കാല പക്ഷി സര്‍വെയ്ക്ക് ഇംഗ്ലീഷിലുള്ള പക്ഷി ഗ്രന്ഥ കര്‍ത്താക്കളായ ആര്‍ വേണുഗോപാല്‍, ജെ പ്രവീണ്‍ എന്നിവരും പത്തോളം പുതിയ പക്ഷികളെ കേരളത്തില്‍ കണ്ടെത്തിയ അഡ്വ.എല്‍ നമശ്ശിവായം, പ്രശസ്ത പക്ഷി നിരീക്ഷകരായ ഡോ. പ്രമോദ്, ആര്യ വിനോദ്, സുലൈമാന്‍ കരിമ്പാറ, ദിനേശ്, കൃഷ്ണമൂര്‍ത്തി മാസ്റ്റര്‍, ഗോപാല്‍ പ്രസാദ്, വിനോദ് വേണുഗോപാല്‍, സേതുമാധവന്‍, ആനക്കട്ടി സലിംഅലി, ഫോറസ്ട്രി കോളെജിലെ ഗവേഷകരും വിദ്യാര്‍ത്ഥികളും, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി, യങ്‌ബേര്‍ഡേഴ്‌സ് പാലക്കാട് തുടങ്ങി വിവിധ സന്നദ്ധ പ്രവര്‍ത്തകരാണ് പക്ഷികളെ തേടി നാട്ടിലേക്കിറങ്ങുന്നത്. ഇവരെടുക്കുന്ന പക്ഷികളുടെ വിവരങ്ങള്‍ ഈ മേഖലയിലെ വിദഗ്ദര്‍ പിന്നീട് വിശകലനം നടത്തും. പരമ്പരാഗത പക്ഷി കേന്ദ്രങ്ങളായ തട്ടേക്കാട്, പറമ്പിക്കുളം, ചൂലൂര്‍, കുരിയാര്‍കുറ്റി, തേക്കടി, കുമരകം തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയ പക്ഷി പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തുകയും വിശദമായ പക്ഷികളുടെ ചെക്ക്‌ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യും. സര്‍വെയോടൊപ്പം ധൃതരാഷ്ട്ര പച്ച, കുളവാഴ, കൊങ്ങിണി പൂവ് തുടങ്ങിയ അതി ഗുരുതരമായ പരിസ്ഥിതി ദൂഷ്യം വരുത്തുന്ന വിനാശ സസ്യങ്ങളുടെ വ്യാപനവും പഠനവിധേയമായി കണക്കെടുപ്പ് നടത്തുന്നുണ്ട്. കേര്‍ണല്‍ലാബ് ഓഫ് ഓര്‍ണ്ണിത്തോളജിയാണ് സര്‍വെയ്ക്കുള്ള സാങ്കേതികസഹായം നല്‍കുന്നത്. ബാംഗ്ലൂരിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പ്രവീണ്‍ സോഫ്റ്റുവെയര്‍ സഹായവും നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."