തെരഞ്ഞെടുപ്പ് ദിനത്തിലെ ദു:ഖമായി മുസ്തഫ
തലശ്ശേരി: രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും നിറസാന്നിധ്യമായ എ.കെ മുസ്തഫയുടെ മരണം നാടിന്റെ തേങ്ങലായി. ഇന്നലെ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു എ.കെ മുസ്തഫയുടെ മരണവാര്‍ത്ത ഞെട്ടലുണര്‍ത്തി പ്രവര്‍ത്തകര്‍ക്കിടയിലെത്തിയത്. തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ തലശ്ശേരി മുന്‍നഗസഭാ വൈസ് ചെയര്‍മാന്‍ പിലാക്കണ്ടി മുഹമ്മദലിയുടെ വീട്ടുമുറ്റത്തു തന്നെയാണ് അദ്ദേഹം കുഴഞ്ഞു വീണ് മരിച്ചത്.
എം.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മുസ്തഫയെ പിലാക്കണ്ടി മുഹമ്മദലിയാണ് രാഷ്ട്രീയ ലോകത്തേക്കുള്ള വഴിതെളിയിച്ചു നല്‍കിയത്. പിന്നീട് തലശ്ശേരിയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സമൂഹ്യപ്രവര്‍ത്തനത്തിലും നിറസാന്നിധ്യമായി അദ്ദേഹം മാറി. രാഷ്ട്രീയത്തില്‍ എല്ലാവരോടും സൗമ്യതയോടെയാണ് പെരുമാറുന്ന വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു.
അതുകൊണ്ട് തന്നെ ഇതര രാഷ്ട്രീയപ്രവര്‍ത്തകരോടും നല്ലബന്ധങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തലശ്ശേരി മാരിയമ്മന്‍ വാര്‍ഡില്‍ മത്സരിച്ചാണ ്തലശ്ശേരി നഗരസഭാ കൗണ്‍സിലറായി അദ്ദേഹത്തിനെ തെരഞ്ഞെടുത്തത്.
വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്തഫയുടെ ഇടപെടല്‍ അവിസ്മരണീയമായിരുന്നു. അടുത്തിടെ മുസ്‌ലിംലീഗില്‍ നിന്നുണ്ടായ അഭിപ്രായവ്യത്യാസം പാര്‍ട്ടി സ്ഥാനം നഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹം തന്റെ പ്രസ്ഥാനത്തില്‍ നിന്നും പൂര്‍ണമായി അകലാന്‍ തയാറായില്ല.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പിലും യു.ഡി. എഫിലെ വിജയിപ്പിക്കാനുള്ള സജീവ പ്രവര്‍ത്തനത്തിന്റെ തിരക്കിലായിരുന്നു മുസ്തഫ. തലശ്ശേരിയിലെ ഗ്രീന്‍ വിങ്‌സ് സന്നദ്ധ സംഘടനയുടെ പ്രധാന അമരക്കാരനായി സാമൂഹ്യപ്രവര്‍ത്തനമേഖലയിലും അദ്ദേഹം നിറഞ്ഞു നിന്നു.
ഇതിലൂടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ തലശ്ശേരിയില്‍ നടത്താനായി. മുസ്‌ലിംലീഗിന്റെ മുന്‍ മണ്ഡലംട്രൗഷറര്‍, തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലര്‍, തലശ്ശേരി മുബാറക് സ്‌കൂള്‍ ദീര്‍ഘകാല പി.ടി.എ പ്രസിഡന്റ്, തലശ്ശേരി മുസ്‌ലിം അസോസിയേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തലശ്ശേരി ബി.എം.പി സ്‌കൂളിലായിരുന്നു അദ്ദേഹം പഠിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."