HOME
DETAILS
MAL
സംസ്ഥാനത്ത് ഒന്‍പത് കൊവിഡ് മരണം കൂടി
backup
August 25 2020 | 02:08 AM
സംസ്ഥാനത്ത് ഒന്‍പതുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ-4, വയനാട്-1, പാലക്കാട്-1, കാസര്‍കോട്-1, കണ്ണൂര്‍-1, മലപ്പുറം-1 എന്നിങ്ങനെയാണ് മരണം.
വലിയമരം ഇര്‍ഷാദ് പള്ളിക്ക് സമീപം ഫെമിന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകളും കളര്‍കോട് സനാതനം സുരേന്ദ്രപുരം ദാറുല്‍റഹ്മയില്‍ മുഹമ്മദ്‌ഷെരീഫിന്റെ ഭാര്യയുമായ ഫെമിന (39), പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് പുത്തന്‍വെളി രാജന്‍ (78), ചേര്‍ത്തല തകിടിവെളിയില്‍ ലീല (77), ചെങ്ങന്നൂര്‍ ആലാ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വി.കെ.വി സദനത്തില്‍ റിട്ട. സുബേദാര്‍ വി.കെ വാസുദേവന്‍ (80) എന്നിവരാണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
പ്രമേഹത്തെ തുടര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഫെമിനക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ഫെമിന ഞായറാഴ്ച രാത്രി 12ഓടെയാണ് മരിച്ചത്. പരേതയായ തങ്കമ്മയാണ് മാതാവ്. മക്കള്‍: ഫായീസ്, ഇബ്രാഹീം.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് രാജന്‍ മരിച്ചത്. പാചകത്തൊഴിലാളിയായ ഇദ്ദേഹം രണ്ടാഴ്ച മുന്‍പ് വീട്ടില്‍ കുഴഞ്ഞുവീണിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. അഞ്ചുദിവസത്തെ ചികിത്സയ്ക്കുശേഷം ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് വീട്ടില്‍ തിരികെയെത്തിയ രാജന് ഹൃദയസംബന്ധമായ അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇദ്ദേഹം മരിച്ചത്. ഭാര്യ: പുഷ്പ. മക്കള്‍: അഭിലാഷ്, രാജേഷ്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഞായറാഴ്ച രാത്രിയാണ് ലീല മരിച്ചത്. ഭര്‍ത്താവ്: വിശ്വംഭരന്‍. മക്കളില്ല. വാസുദേവന്‍ കഴിഞ്ഞ രണ്ടാഴ്ചയായി കൊല്ലകടവിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തരുവണ കുന്നുമ്മലങ്ങാടി മഹല്ല് പ്രസിഡന്റും വെള്ളമുണ്ട പഞ്ചായത്തംഗവുമായ കാഞ്ഞായി ഇബ്രാഹിം ഹാജിയുടെ ഭാര്യ സഫിയ ഹജ്ജുമ്മ (60) യാണ് വയനാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. മക്കള്‍: സറീന, സാജിദ, സമീര്‍ (കുവൈത്ത്), സബിത, സല്‍സബീല്‍ (കുവൈത്ത്). മരുമക്കള്‍: പി.എ ഗഫൂര്‍ വാരാമ്പറ്റ (കുവൈത്ത്), കെ.സി ഇബ്രാഹിം കണ്ടത്തുവയല്‍, റഷീദ് ഓടത്തോട്, സഫീറ. സഹോദരങ്ങള്‍: സാദിഖ്, ഹസീന, പരേതരായ ബഷീര്‍, ആസ്യ.
തച്ചന്‍പാറ സ്വദേശി ബാബു വര്‍ഗീസ് (66) ആണ് പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ചത്. 23ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സ്വകാര്യ ആശുപത്രിയില്‍ പ്രമേഹം, രക്തസമ്മര്‍ദം, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
കാഞ്ഞങ്ങാട് അരയി പാലക്കാലിലെ ജീവൈക്യന്‍ (68) ആണ് കാസര്‍കോട്ട് കൊവിഡ് ബാധിച്ച് മരിച്ചത്. പരേതരായ കരുണാകര സ്വാമി, ജാനകിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ജാനകി. മകന്‍: ജിതിന്‍. സഹോദരങ്ങള്‍: ഭാര്‍ഗവി (പേരാമ്പ്ര), കൃഷ്ണന്‍ (അരയി) വൈദേഹി, രോഹിണി (തളിപ്പറമ്പ്), വനജാക്ഷി (വാണിയംകുളം, പാലക്കാട്).
പാനൂര്‍ കൂറ്റ്യേരിയിലെ കല്ലില്‍ മുഹമ്മദ് സാഹിര്‍ (45) ആണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞദിവസം വിദേശത്ത് നിന്നെത്തിയ ഷഹീറിനെ ക്വാറന്റൈനില്‍ കഴിയവെ നെഞ്ചുവേദനയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കിഡ്‌നി, ഷുഗര്‍ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. പരേതനായ മമ്മുവിന്റെയും നബീസുവിന്റെയും മകനാണ്. ഭാര്യ: സഹീന. മക്കള്‍: ഫമിയ സന, സിയാ മെഹറിന്‍, നൈസ ഫാത്തിമ.
പൂക്കോട്ടൂരിലെ പുല്ലാനൂരില്‍ താമസിക്കുന്ന പറമ്പിത്തൊടി വീട്ടില്‍ നൂറേമൂച്ചി അബ്ദുറഹിമാന്‍ ഹാജി (73) ആണ് മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചയോടെയാണ് മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ആയിഷ കഴിഞ്ഞ 18ന് മരിച്ചിരുന്നു. മക്കള്‍: ഖദീജ, നദീറ, സുമയ്യ, മുഹമ്മദ് ഇഷാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."