തുറവൂരില്‍ ശുദ്ധജലക്ഷാമം രൂക്ഷം
തുറവൂര്‍: വേനല്‍ ശക്തമായി തുടരുന്നതിനാല്‍ അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് ,
തുറവൂര്‍, പട്ടണക്കാട് എന്നി ഗ്രാമ പഞ്ചായത്തുകളിലും തീരദേശ മേഖലകളിലും ശുദ്ധജലക്ഷാമം രൂക്ഷമായി.
തൈക്കാട്ടുശ്ശേരി ശുദ്ധികരണ പ്ലാന്റില്‍ നിന്നു വിവിധ ജലസംഭരണികളിലേക്ക് പമ്പിങ് നടത്തുന്നുണ്ടെങ്കിലും ആവശ്യത്തിനു ശുദ്ധജലം പമ്പ് ചെയ്യാത്തതിനാല്‍ ഈ മേഖലകളിലെ ടാപ്പുകളില്‍ ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നില്ല. ഇപ്പോള്‍ നൂല്‍പരുവത്തിലാണ് വെള്ളമെത്തുന്നത്. തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്ന മറവന്‍തുരുത്തില്‍ ഇരുമ്പ് പൈപ്പ് സ്ഥാപിക്കുന്ന ജോലി തടസപ്പെട്ടതാണ് ശുദ്ധജല വിതരണം സുഗമമായി നടക്കാത്തതിന് കാരണം.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ പി.വി.സി പൈപ്പ് മാറ്റി ഇരുമ്പ് പൈപ്പ് സ്ഥാപിക്കുന്നതിന് ജലഅതോറിറ്റി തിരുമാനമെടുത്തിരുന്നു. പൈപ്പ് സ്ഥാപിക്കുന്നതിനായി യന്ത്രസാമഗ്രികള്‍ എത്തിച്ചിരുന്നു. ഇവിടെത്തെ നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ജോലി തടസ്സപ്പെടുകയായിരുന്നു. പല ചര്‍ച്ചകളും നടത്തിയെങ്കിലും ഫലപ്രദമായില്ല. ഈ പ്രദേശത്തേക്കുള്ള പ്രധാന റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുമെന്നാണ് നാട്ടുകാരുടെ തടസ്സവാദം. നിലവില്‍ 55 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് തൈക്കാട്ടുശ്ശേരി ശുദ്ധീകരണ പ്ലാന്റിലേക്കെത്തുന്നത്.
രണ്ട് മോട്ടോറുകള്‍ ഉപയോഗിച്ച് 107 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നതിനുള്ള സൗകര്യമാണ് മറവന്‍തുരുത്തില്‍ ഒരുക്കിയിരിക്കുന്നത്.
പൈപ്പ് പൊട്ടല്‍ പതിവായതോടെ മറവന്‍തുരുത്തിലെ ജനങ്ങളുടെ ദുരിതം മനസിലാക്കി ഒരു മോട്ടോര്‍ ഉപയോഗിച്ചുള്ള പമ്പിങ്ങായി ക്രമികരിക്കുകയായിരുന്നു.
മുഴുവന്‍ സമയത്തും പമ്പിങ് നടത്തിയാലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുകയുള്ളുവെന്നാണ് ജനങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."