നൂറാം വയസിലും ആവേശം വിടാതെ തങ്കമ്മ; കൂട്ടിന് കന്നിവോട്ടറായ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ മകന്
ചാരുംമൂട്: വോട്ടിനെന്തു പ്രായം? അതും നൂറാം വയസില്‍. കൂട്ടിന് അറുപതു കഴിഞ്ഞ കന്നി വോട്ടറായ മകനും. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ നൂറനാട് എരുമക്കുഴി ഗവ. എല്‍.പി സ്കൂളിലെ പോളിങ് ബൂത്ത് ഇന്നലെ അപൂര്‍വമായൊരു സംഭവത്തിനു സാക്ഷ്യം വഹിച്ചു.
നൂറു വയസായ തങ്കമ്മ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ മകന് സൈമണ്‍ ഏബ്രഹാമിന്റെ കൈപിടിച്ച് വോട്ട് ചെയ്യാനെത്തി. അതും സൈമണ്‍ ഏബ്രഹാമിന്റെ ജീവിതത്തിലെ ആദ്യ വോട്ട്. നൂറനാട് പത്താംമൈല്‍ ചാമവിളയില്‍ പുത്തന്‍വീട്ടില്‍ സൈമണ്‍ ഏബ്രഹാം എന്ന ബേബിക്കുട്ടി കഴിഞ്ഞ നാല്പത്തി രണ്ടു വര്‍ഷത്തോളം ഉദ്യോഗാര്‍ഥം ദുബായിലായിരുന്നു. അടുത്തിടെയാണ് ഇദ്ദേഹം നാട്ടില്‍ സ്ഥിര താമസമാക്കിയത്. അങ്ങനെ തന്റെ കന്നി വോട്ട് ചെയ്യാന്‍ അദ്ദേഹം നൂറ് വയസായ അമ്മച്ചിക്കൊപ്പമാണ് എത്തിയത്.
തങ്കമ്മയുടെ നൂറാം വയസിലെ വോട്ട് യാത്രയില്‍ മരുമകളായ ആനിയമ്മ, കൊച്ചുമക്കളായ റോഷിന്, സിസി ചെറുമക്കളായ റൂബന്‍, റെന്‍ എന്നിവരും പങ്കാളികളായി. ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ ചെന്നൈയിലുള്ള ഇളയ മകള്‍ വത്സമ്മ എത്തിയത് തങ്കമ്മയുടെ സന്തോഷം ഇരട്ടിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."