നഗരസഭയുടെ ഉടമസ്ഥതയിലുള്ള കോംപ്ലക്‌സിലെ മുറികള്‍ കൈമാറാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു
കൊടുങ്ങല്ലൂര്‍: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കാവില്‍ക്കടവ് കോംപ്ലക്‌സിലെ മുറികള്‍ ഒന്നിച്ച് കൈമാറുവാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കാവില്‍ക്കടവിലെ മാര്‍ക്കറ്റ്, ഷോപ്പിങ് കോംപ്ലക്‌സിലെ 23 കടമുറികളും ഹാളും അടങ്ങുന്ന ഭാഗം ഇരിങ്ങാലക്കുട സ്വദേശി എം.പി ടോമിക്ക് ഒന്നിച്ച് കൈമാറാനുള്ള നഗരസഭ കൗണ്‍സിലിന്റെ തീരുമാനമാണ് ഹൈക്കോടി സ്റ്റേ ചെയ്തത്.
നേരത്തെ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രസ്റ്റ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ നടത്തിപ്പുകാര്‍ സ്ഥാപനം എം.പി ടോമിക്ക് കൈമാറിയിരുന്നു.
ഇതേ തുടര്‍ന്ന് കടമുറികളുടെ വാടകാവകാശം പുതിയ കച്ചവടക്കാരന് കൈമാറണമെന്നാവശ്യപ്പെട്ട് പഴയ കച്ചവടക്കാര്‍ നഗരസഭയില്‍ അപേക്ഷ നല്‍കി.
എന്നാല്‍ ഈ അപേക്ഷ നിയാമാനുസൃതമല്ലെന്നു കണ്ട് നഗരസഭ കൗണ്‍സില്‍ തള്ളുകയുണ്ടായി. തുടര്‍ന്ന് വാടകക്കാരന്‍ നല്‍കിയ അപ്പീലില്‍ നഗരസഭ നിയമോപദേശം തേടുകയും, ജൂണ്‍ മാസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം ഐക്യ കണ്‌ഠേന കെട്ടിട മുറികള്‍ കൈമാറുന്നതിന് അനുമതി നല്‍കുകയുമായിരുന്നു.
ഇതേ തുടര്‍ന്ന് ശ്രീനാരായണപുരം പത്താഴക്കുണ്ട് സ്വദേശി പുതിയാശ്ശേരി വീട്ടില്‍ നാസിമുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിന്മേലാണ് മുറി കൈമാറ്റം തടഞ്ഞുകൊണ്ടുള്ള ഉത്തരവുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."