പ്രളയ ബാധിതര്‍ക്കുളള സഹായധനം പ്രഖ്യാപനത്തില്‍ ഒതുങ്ങി: ചെന്നിത്തല
ആലപ്പുഴ: പ്രളയബാധിതര്‍ക്ക് ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒരു രൂപ പോലും ഇതുവരെ നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വീടുകളിലേയ്ക്ക് മടങ്ങുന്നവര്‍ വെറും കയ്യേടെയാണ് പോകുന്നത്. ഒരുമാസം മുമ്പ് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ 3,800 രൂപവീതം കൊടുക്കുമെന്ന് റവന്യുമന്ത്രി പറഞ്ഞു. പിന്നീട് അത് 10,000 രൂപയാക്കി കൊടുക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. എന്നാല്‍ 50 ശതമാനം പേര്‍ക്ക് പോലും പണം നല്‍കിയിട്ടില്ല. സൗജന്യറേഷന്‍ കൊടുക്കുമെന്ന് പറയുന്നതല്ലാതെ കൊടുത്തിട്ടില്ല. ഇപ്പോള്‍ പ്രളയമുണ്ടാപ്പോഴും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും തന്നെ നല്‍കുന്നില്ല.
വീടുകള്‍ വാസയോഗ്യമാക്കുന്നതിന് പലിശരഹിത വായ്പയായി ഒരുലക്ഷം രൂപ കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് വായ്പയായി വാങ്ങുന്നവര്‍ വാങ്ങട്ടെ. എന്നാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ പോലും കഴിയാത്ത നിരവധിപ്പേരുണ്ട്. ഇവര്‍ക്ക് വായ്പയല്ലാതെ 50,000 രൂപ വീതം നല്‍കണം. മൊറട്ടോറിയമല്ല വേണ്ടതെന്നും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയദുരന്തം സര്‍ക്കാര്‍ വരുത്തിവെച്ചതാണെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. കുട്ടനാട്ടിലെ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാന്‍ കഴിയില്ല. മറ്റുസ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ജനങ്ങള്‍ വീടുകളിലേയ്ക്ക് മടങ്ങുമ്പോഴും കുട്ടനാട്ടിലെ ജലനിരപ്പ് കുറയുന്നില്ല. ജലനിര്‍ഗമന മാര്‍ഗങ്ങള്‍ ഇവിടെ തടസ്സപ്പെട്ടിരിക്കുകയാണ്. തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം തുറക്കാതിരുന്നതും തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നതും സര്‍ക്കാരിന്റെ അനാസ്ഥയാണ്.
തോട്ടപ്പള്ളി സ്പില്‍വേ തുറക്കണമെന്നാവശ്യം നിരവധി തവണ ഉന്നയിച്ചിരുന്നു.ഇത് നേരത്തെ തുറന്ന് കൊടുത്തിരുന്നെങ്കില്‍ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ ഇത്രയും വലിയ ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. എം ലിജു, മുന്‍ എം എല്‍ എ. എ എ ഷുക്കൂര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."