HOME
DETAILS
MAL
'തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടും' തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരേ ഐ.എം.എ
backup
August 25 2020 | 02:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. തെരഞ്ഞെടുപ്പ് രോഗവ്യാപനം കൂട്ടുമെന്നും നീട്ടി വയ്ക്കുന്നതാകും നല്ലതെന്നും ഐ.എം.എ സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് അതി രൂക്ഷമായ സാഹചര്യമാണെന്നും അതീവ ജാഗ്രതയും കര്‍ശന നടപടികളും വേണമെന്നും ഐ.എം.എ പറയുന്നു. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണമെന്നാണ് ഐ.എം.എ നിര്‍ദേശിക്കുന്നത്. ക്ലസ്റ്ററുകളിലും ക്ലസ്റ്റര്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പരിശോധനകള്‍ നടത്തി രോഗബാധിതരെ തിരിച്ചറിഞ്ഞ് മാറ്റി നിര്‍ത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
രോഗവ്യാപനം നിയന്ത്രിക്കാന്‍ ഇത് കൂടിയേ തീരൂ. സെന്റിനല്‍ സര്‍വേ, എപിഡമിയോളജിക്കല്‍ സര്‍വേകളും കൂടുതലായി ചെയ്യണം. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ എന്ന പേരില്‍ അശാസ്ത്രീയമായ ചികിത്സ പ്രോത്സാഹിപ്പിക്കരുതെന്നും ഐ.എം.എ നിര്‍ദേശിച്ചു.
വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികളെ കൃത്യമായി നിരീക്ഷിക്കണം. അവര്‍ സമ്പര്‍ക്ക വിലക്ക് കൃത്യമായി അനുസരിക്കുന്നു എന്ന് ഉറപ്പു വരുത്തണം. ഹോം ക്വാറന്റൈന്‍ വേണ്ടത്ര ഫലിക്കാതെ രോഗവ്യാപനം കൂടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അത്തരം രോഗികളില്‍ രോഗം വര്‍ധിക്കുന്ന അവസ്ഥ പെട്ടെന്ന് തിരിച്ചറിയാനും അവരെ ആശുപത്രികളിലേക്ക് ഉടനടി മാറ്റാനും ഉള്ള സംവിധാനം ഉണ്ടാകണം. വീടുകളില്‍ സൗകര്യമില്ലാത്ത ഇത്തരം രോഗികള്‍ക്ക് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആയിരിക്കും സുരക്ഷിതം.
രോഗവ്യാപനത്തിന് സഹചര്യം ഉണ്ടാകരുത്. ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലെ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് വേതനം ഉറപ്പാക്കണം. സര്‍ക്കാര്‍ ഏറ്റെടുത്ത് കൊവിഡ് ആശുപത്രി ആക്കിയ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് അഞ്ച് മാസമായി വേതനം കിട്ടിയിട്ടില്ല.
ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും ഇതുവരെ ചികിത്സിച്ചു ഭേദമായ രോഗികളുടെ രോഗാവസ്ഥയും ചികിത്സയും സംബന്ധിച്ച ഡാറ്റ അനാലിസിസ് ഡോക്ടര്‍മാരുമായി പങ്കു വയ്ക്കണമെന്നും ആദ്യ അഞ്ഞൂറ് പേരുടെ അനാലിസിസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ട് മാസങ്ങളായെന്നും ശേഷമുള്ള വിശകലനവും ഉടനടി ലഭ്യമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."