HOME
DETAILS
MAL
ആരോഗ്യ വകുപ്പിനെതിരേ അഴിമതി ആരോപണവുമായി എം.കെ മുനീര്‍
backup
August 25 2020 | 02:08 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. മാര്‍ക്കറ്റില്‍ ലഭ്യമായതിനെക്കാള്‍ കൂടുതല്‍ വിലയ്ക്ക് പി.പി.ഇ കിറ്റും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ വഴി വാങ്ങിയെന്നാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മുനീര്‍ ആരോപിച്ചത്.
മാര്‍ക്കറ്റില്‍ 350 രൂപയ്ക്ക് പി.പി.ഇ കിറ്റ് ലഭ്യമാകുമെന്നിരക്കെ 1,550 രൂപ മുടക്കിയാണ് കിറ്റ് വാങ്ങിയത്. ഇതിനായി 300 കോടി രൂപയാണ് കെ.എം.എസ്.സി.എല്ലിന് നല്‍കിയത്. എന്നാല്‍ പിന്നീട് 350 രൂപയ്ക്കുള്ള കിറ്റും വാങ്ങിയെന്ന് കോര്‍പറേഷന്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്. മാര്‍ക്കറ്റില്‍ 1,999 രൂപയ്ക്ക് ലഭിക്കുന്ന ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ 5,000 രൂപ കൊടുത്താണ് വാങ്ങിയത്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ടെണ്ടര്‍ നടപടികളിലേക്ക് പോയില്ലെന്നാണ് രേഖകളില്‍ കാണുന്നതെന്നും മുനീര്‍ പറഞ്ഞു.
ഇതിനു മറുപടി നല്‍കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ, കേന്ദ്ര ഏജന്‍സികളുടെ അംഗീകാരത്തോടെ, കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാസ്‌ക്, പി.പി.ഇ കിറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതെന്ന് വ്യക്തമാക്കി.
ഗുണനിലവാരം പൂര്‍ണമായും ഉറപ്പുവരുത്തിയാണ് വാങ്ങിയത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഗുണനിലവാരമില്ലാത്തവ വാങ്ങാനാവില്ല. സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയപ്പോള്‍ തന്നെ വിദേശ കമ്പനികളില്‍ നിന്നുള്‍പ്പെടെ ഇവ ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഒരു സാഹചര്യത്തിലും ഇവയ്ക്ക് ക്ഷാമമുണ്ടാകരുതെന്നതായിരുന്നു ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ തയാറുണ്ടോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."