പെണ്‍കുട്ടിയുടെ മരണം കൊലപാതകമല്ലെന്നു പൊലിസ്
അങ്കമാലി: കറുകുറ്റി നീറുങ്ങലില്‍ പെണ്‍കുട്ടി മരിച്ചത് കൊലപാതകമല്ലെന്നു പൊലിസ്. പോസ്റ്റ് മോര്‍ട്ടത്തെ തുടര്‍ന്നാണ് പൊലിസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. അമ്മയുടെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയിലാണ് കുളിമുറിയില്‍ കണ്ടെത്തിയത്.
തൃശൂര്‍ ജില്ല കോടാലി മങ്കുഴി കുഴിക്കീശരത്തില്‍ കൃഷ്ണകുമാറിന്റെയും പ്രീതിയുടെയും മകള്‍ ഹൃദ്യയാണ് (11) മരിച്ചത്. കുട്ടി മരിച്ചത് കൊലപാതകത്തെ തുടര്‍ന്നാണെന്ന സംശയത്തെ തുടര്‍ന്ന് ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൊലിസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മുത്തശ്ശി കുളിമുറിയിലെ ബക്കറ്റ് എടുക്കാന്‍ വന്നപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കഴുത്തില്‍ തോര്‍ത്ത് മുറുകിയ പാട് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതരാണ് പൊലിസില്‍ വിവരം അറിയിച്ചത്.
ചൊവ്വാഴ്ച വീട്ടുകാരെ വിശദമായ ചോദ്യം ചെയ്തപ്പോഴും തൂങ്ങി മരിച്ചനിലയില്‍ കണ്ടുവെന്ന സൂചനകളാണ് നല്‍കിയത്. കുട്ടിയുടെ അമ്മ വീടായ കറുകുറ്റി പഞ്ചായത്തിലെ നീരോലിപ്പാറ നീറുങ്ങലിലെ ആന്തപ്പിള്ളി വീട്ടില്‍ തിങ്കള്‍ 4.45നാണ് പെണ്‍കുട്ടിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."