HOME
DETAILS
MAL
അവരവരുടെ സ്വഭാവംവച്ച് മറ്റുള്ളവരെ അളക്കരുത്: മുഖ്യമന്ത്രി
backup
August 25 2020 | 02:08 AM
തിരുവനന്തപുരം: അവരവരുടെ സ്വഭാവം വച്ച് മറ്റുള്ളവരെ അളക്കരുതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി. തിരുവനന്തപുരം വിമാനത്താവളം ടെന്‍ഡറില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രഹസ്യമായി ഒരുനിലയും പരസ്യമായി മറ്റൊരു നിലയും സ്വീകരിക്കുന്നവരാണ് മറ്റുള്ളവരെല്ലാമെന്ന് കരുതരുത്. രണ്ട് കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ നാട് കാണുന്നുണ്ട്. വിമാനത്താവളം അദാനിക്ക് നല്‍കരുതെന്ന സര്‍ക്കാര്‍ നിലപാട് ആദ്യം മുതല്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് ജനങ്ങള്‍ക്കും വ്യക്തമാണ്. രാജ്യത്തെ പ്രമുഖ നിയമ സ്ഥാപനമായതുകൊണ്ടാണ് സംസ്ഥാനം സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ സമീപിച്ചത്.
ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാഫിസില്‍ പോകുമ്പോള്‍ എത്ര നിയമപരിജ്ഞാനമുള്ളവരും മറ്റൊരാളുടെ സഹായം തേടില്ലേ. അതുപോലെയാണ് ലേലക്കരാര്‍ കാര്യത്തിലും ഉപദേശം സ്വീകരിച്ചത്. ലേലകാര്യത്തില്‍ നിയമോപദേശം മാത്രമാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. അല്ലാതെ ക്വാട്ട് ചെയ്യേണ്ട തുകയുമായി ബന്ധപ്പെട്ട് ഒരു ഇടപെടലും നടത്തിയിട്ടില്ല.
'എന്ത് അപവാദവും വിളിച്ച് പറയുക, മറുപടി കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യവുമില്ല' എന്ന നിലപാടാണ് പ്രതിപക്ഷത്തിന്. മറുപടി പറയുമ്പോള്‍ സാധാരണഗതിയിലുള്ള സംസ്കാരം കാണിക്കണം.
കള്ളങ്ങളും അപവാദങ്ങളും പറഞ്ഞ് മേല്‍ക്കൈ നേടിക്കളയാമെന്നാണ് പ്രതിപക്ഷം നോക്കുന്നത്. മുഖ്യമന്ത്രി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന പ്രതിപക്ഷത്തിന്റെ പ്രതികരണത്തിന് മറുപടി പറഞ്ഞാല്‍ പേടിപ്പിക്കലാകുമോ?. അങ്ങനെ പേടിക്കാനാണെങ്കില്‍ എന്തിനാണ് ഇവിടെ ഇരിക്കുന്നത്. ഭീഷണിപ്പെടുത്താനല്ല ഇവിടെ ആരും വരുന്നതെന്നും പറയുന്നത് കേള്‍ക്കാനുള്ള സാവകാശം കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."