HOME
DETAILS
MAL
തുര്‍ക്കിയെ തകര്‍ക്കാന്‍ മൊസാദ് അറബ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി 'ഇറാനേക്കാള്‍ വലിയ ഭീഷണി തുര്‍ക്കി'
backup
August 25 2020 | 02:08 AM
ലണ്ടന്‍: തുര്‍ക്കിയെ തകര്‍ക്കാന്‍ ഈജിപ്ത്, സഊദി, യു.എ.ഇ എന്നിവയുമായി ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ യോസി കോഹന്‍ ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ട്. രണ്ടുവര്‍ഷം മുമ്പ് പശ്ചിമേഷ്യയില്‍ തുര്‍ക്കി ഉയര്‍ത്തുന്ന ഭീഷണി കോഹന്‍ മൂന്നു രാജ്യങ്ങളുടെയും ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായും ഇറാന്റെ ശക്തി ദുര്‍ബലമാണെന്നും തുര്‍ക്കിയാണ് യഥാര്‍ഥ ഭീഷണിയെന്നും ചൂണ്ടിക്കാട്ടിയതായും സണ്‍ഡേ ടൈംസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോജര്‍ ബെയ്‌സാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇറാനെ ഉപരോധം, രഹസ്യമായ ആക്രമണങ്ങള്‍ എന്നിവയിലൂടെ നേരിടാമെന്നായിരുന്നു കോഹന്‍ പറഞ്ഞത്. എന്നാല്‍ തുര്‍ക്കിയുടെ ശക്തമായ നയതന്ത്ര ബന്ധം മെഡിറ്റനേറിയനിലെ സ്ഥിരതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും യോസി കോഹന്‍ ചര്‍ച്ചയില്‍ അറബ്‌രാജ്യ പ്രതിനിധികളെ ബോധ്യപ്പെടുത്തിയതായും സണ്‍ഡേ ടൈംസ് വിശദീകരിക്കുന്നു.
ഈമാസം ഇസ്‌റാഈല്‍-യു.എ.ഇ നയതന്ത്ര ബന്ധം സാധാരണനിലയിലാക്കാനുള്ള കരാര്‍ ഒപ്പുവച്ചതിനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു തുര്‍ക്കിയില്‍ നിന്നുണ്ടായത്. യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതു വരെ പരിഗണനയിലുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചിരുന്നു.
അതിനിടെ യു.എ.ഇ യു.എസ് നിര്‍മിതമായ നാല് എഫ്-16 യുദ്ധവിമാനങ്ങളെ തുര്‍ക്കിയുമായി സംഘര്‍ഷത്തിലുള്ള ഗ്രീസിലേക്ക് സംയുക്ത സൈനികാഭ്യാസത്തിന് അയച്ചു. മെഡിറ്ററേനിയനില്‍ തര്‍ക്കപ്രദേശത്ത് തുര്‍ക്കി എണ്ണ-പ്രകൃതിവാതക ഖനനം നടത്തുന്നതിനെ ഗ്രീസ് എതിര്‍ക്കുന്നു. ഇക്കാര്യത്തില്‍ യു.എസ്, ഫ്രാന്‍സ്, ഈജിപ്ത്, സൈപ്രസ് എന്നിവ ഗ്രീസിനൊപ്പമാണ്. അതിനിടെയാണ് യു.എ.ഇയുടെ പ്രകോപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."