ദുരിതാശ്വാസം: വിദേശത്തുനിന്നുള്ള വസ്തുക്കള്‍ സ്വീകരിക്കുന്നത് കലക്ടര്‍ വഴി മാത്രം
തിരുവനന്തപുരം: ദുരിതാശ്വാസ സഹായമായി വിദേശ-സ്വദേശ സന്നദ്ധ സംഘടനകളും വ്യക്തികളും വിദേശ രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് അയയ്ക്കുന്ന സാധനങ്ങള്‍ കൈപറ്റുവാനും വിതരണം ചെയ്യുവാനുമുള്ള അധികാരം ജില്ല കലക്ടര്‍ക്ക് മാത്രമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
സന്നദ്ധ സംഘടനകളും വ്യക്തികളും ഇവ കലക്ടര്‍ക്ക് കൈമാറുന്നു എന്നു രേഖാമൂലം ഉറപ്പുനല്‍കിയാല്‍ മാത്രമേ കലക്ടര്‍ ഇവയ്ക്ക് കസ്റ്റംസ് ക്ലിയറന്‍സ് വാങ്ങി ഏറ്റെടുക്കുകയുള്ളു.
ഇത്തരത്തില്‍ ഏറ്റെടുക്കുന്ന ഏതൊരു ദുരിതാശ്വാസ സഹായവും കലക്ടര്‍ നിര്‍ണയിക്കുന്ന സ്ഥലത്ത് സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമേ വിതരണം ചെയ്യുകയുള്ളു.
ഇവ എത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ഇവ വിതരണം ചെയ്യണം എന്നു താല്പര്യമുണ്ടെങ്കില്‍ ഈ വിവരവും കലക്ടറെ അറിയിക്കാം.
ഇത്തരത്തില്‍ സംഘടനകളും വ്യക്തികളും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഇവയുടെ ആവശ്യം ഉണ്ടോ എന്നു സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വിലയിരുത്തിയതിനു ശേഷം ആവശ്യമുണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ അത്തരം സ്ഥലങ്ങളില്‍ ഇവ വിതരണം ചെയ്യുവാന്‍ മുന്‍ഗണന നല്‍കും.
എന്നാല്‍ ആ മേഖലകളില്‍ ഇവ ആവശ്യമില്ലെന്നു കണ്ടാല്‍ ആവശ്യമുള്ള സ്ഥലത്ത് ഇവ വിതരണം ചെയ്യും. ഈ വിഷയത്തില്‍ അന്തിമ തീരുമാനം കലക്ടറുടെത് മാത്രമായിരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."