ഇടുക്കിയില്‍ റെക്കോര്‍ഡ് പോളിങ്, 77 ശതമാനം
തൊടുപുഴ:77 ശതമാനം പോളിങുമായി ഇടുക്കി ലോകസഭാ മണ്ഡലം മുന്‍ തെരഞ്ഞെടുപ്പുകളെ കടത്തിവെട്ടി. പ്രതികൂല കാലാവസ്ഥയെ മറികടന്ന് ഹൈറേഞ്ചിലും ലോറേഞ്ചിലും വോട്ടര്‍മാര്‍ ഒഴുകിയെത്തി. രാത്രി വൈകിയും പല ബൂത്തുകളിലും ക്യൂ അവസാനിച്ചിരുന്നില്ല.
രാത്രി ഏഴ് മണി വരെ 77.24 ശതമാനം പുരുഷന്‍മാരും 74.18 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്ക്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 70.75 ശതമാനമായിരുന്നു പോളിങ്. 2009 ല്‍ 73.89 ശതമാനവുമായിരുന്നു.
ഏറ്റവും ഉയര്‍ന്ന പോളിങ് ഉടുമ്പഞ്ചോല അസംബ്ലി മണ്ഡലത്തിലാണ് 79.15 ശതമാനം. കുറഞ്ഞ പോളിങ് ദേവികുളത്തുമാണ് 70.49 ശതമാനം. ഇടുക്കി 73.68, പീരുമേട് 76.41, തൊടുപുഴ 75.59, മൂവാറ്റുപുഴ 76.03, കോതമംഗലം 78.97 എന്നിങ്ങനെയാണ് മറ്റ് അസംബ്ലി മണ്ഡലങ്ങിലെ പോളിങ് നില. അന്തിമ കണക്കുകള്‍ ഇന്ന് രാവിലെയോടെ ലഭ്യമാകും.
ഇടമലക്കുടിയില്‍ 56.71 ശതമാനമാണ് പോളിങ്. ഇടമലക്കുടിയിലെ മൂന്ന് ബൂത്തുകളിലെ പോളിങ് ശതമാനം ഇങ്ങനെയാണ്.
സൊസൈറ്റികുടി 55.12, മുളകുതറകുടി 56.17, പരപ്പാര്‍കുടി 58.86
തോട്ടം മേഖലയിലും കാര്‍ഷിക മേഖലയിലും ലോറേഞ്ചിലും പോളിങ് ബൂത്തില്‍ രാവിലെ മുതല്‍ നീണ്ടനിര ദൃശ്യമായിരുന്നു. സ്ത്രീകളും കന്നി വോട്ടര്‍മാരും ആവേശത്തോടെയാണ് വോട്ട് രേഖപ്പെടുത്താനായി രാവിലെ മുതല്‍ എത്തിയത്. കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതു കൊണ്ട് ഉച്ചക്ക് മുന്‍പ് തന്നെ വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തുകളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി.
അതിനാല്‍ രാവിലെ മുതല്‍ നീണ്ട നിര ഓരോ ബൂത്തുകളിലും ഓരോ മണിക്കൂറിലും രൂപപ്പെട്ടു. പലരും ഒരു മണിക്കൂറോളം ക്യൂ നിന്നശേഷമാണ് വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.
1997ല്‍ നിലവില്‍ വന്ന പാര്‍ലമെന്റ് മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് 1989ല്‍ ആയിരുന്നു. 76.64 ശതമാനം. അന്ന് യു.ഡി.എഫിലെ പാലാ കെ.എം മാത്യുവാണ് വിജയിച്ചത്. 1977ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ 73.79 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
അന്ന് യു.ഡി.എഫിലെ സി.എം സ്റ്റീഫനാണ് വിജയിച്ചത്. 1980ല്‍ 54.12 ശതമാനം, 1984ല്‍ 75.39 ശതമാനം, 1991ല്‍ 71.56 ശതമാനം, 1996ല്‍ 70.34 ശതമാനം, 1998ല്‍ 68.23 ശതമാനം, 1999ല്‍ 69.45 ശതമാനം, 2004ല്‍ 70.53 ശതമാനവും ആയിരുന്നു പോളിങ്.
ആദ്യകാലങ്ങളില്‍ ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലത്തില്‍ 1995ന് ശേഷം പോളിങ് കുറയുകയായിരുന്നു.
75 ഉം 76 ഉം ശതമാനം ഉണ്ടായിരുന്നത് 68 മുതല്‍ 70 വരെയായി. ശതമാനനിരക്ക് പിന്നെ ഉയര്‍ന്നത് 2009ല്‍ പി.ടി തോമസ് മത്സരിച്ചപ്പോഴാണ്. അന്ന് 73.94 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."