പാലായില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി: പോളിങ് തുടങ്ങാന്‍ വൈകി
പാലാ: വോട്ടിങ് സാമഗ്രികളുടെ തകരാറുമൂലം നിയോജകമണ്ഡലത്തില്‍ ഒന്‍പത് ബൂത്തുകളില്‍ വോട്ടിങ് തുടങ്ങുന്നതിന് നേരിയ താമസം നേരിട്ടു. യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനായി നടത്തിയ മോക്‌പോളിലാണ് സാമഗ്രികളുടെ തകരാര്‍ കണ്ടെത്തിയത്.
പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് വോട്ടിങ് സുഗമമായി നടത്താന്‍ ബൂത്ത് ഓഫിസര്‍മാര്‍ക്ക് സാധിച്ചു. രാമപുരം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് സ്‌കൂളിലെ 7-ാം നമ്പര്‍ ബൂത്തില്‍ ഇ.വി.എം തകരാറിലായി. മോക് പോളിനിടെയാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഷീന്‍ മാറ്റിവച്ച് വോട്ടിങ് ആരംഭിച്ചു.
മൂന്നിലവ് വാളകം സി.എം.എസ് എല്‍.പി.എസിലെ 47-ാം നമ്പര്‍ ബൂത്തിലും, ഇടപ്പാടി ഗവ. എല്‍.പി.എസിലെ 80-ാം നമ്പര്‍ ബൂത്തിലും, കുരുവിനാല്‍ സെന്റ് മൈക്കിള്‍സ് ലോവര്‍ പ്രൈമറി സ്‌കൂളിലെ 104-ാം നമ്പര്‍ ബൂത്തിലും, കിഴപറയാര്‍ സണ്‍ഡേ സ്‌കൂള്‍ 136-ാം ബൂത്തിലും ബാലറ്റ് യൂനിറ്റ് തകരാറിലായതിനെ തുടര്‍ന്ന് വോട്ടിങ്ങിന് നേരിയ താമസം നേരിട്ടു. പ്രശ്‌നങ്ങള്‍ പരിഹരിച്ചും മാറ്റിവെച്ചും വോട്ടിങ് നടപടികള്‍ ആരംഭിച്ചു.
കൊണ്ടാട് ഗവ. എല്‍.പി.എസിലെ 13-ാം ബൂത്തിലും, എലിക്കുളം മഹാത്മാഗാന്ധി മെമ്മോറിയല്‍ യു.പി.എസിലും കണ്‍ട്രോള്‍ യൂണിറ്റുകള്‍ തകരാരിലായി. ഇവ പിന്നീട് മാറ്റിവെച്ച് മോക്‌പോള്‍ നടത്തി.
ഇടനാട് ശക്തിവിലാസം നായര്‍ സര്‍വിസ് സൊസൈറ്റിയിലെ 93-ാം നമ്പര്‍ ബൂത്തിലും മല്ലികശേരി സെന്റ് ഡൊമിനിക് സേവ്യേഴ്‌സ് യു.പി.എസിലും വോട്ടെടുപ്പിന് മുമ്പ് തന്നെ വി.വി പാറ്റ് മെഷീനുകള്‍ തകരാറിലായി. ഇവയും മാറ്റിവെച്ച് പോളിങ് ആരംഭിച്ചു.
സാമഗ്രികളില്‍ തകരാര്‍ കണ്ടെത്തിയെങ്കിലും വോട്ടിങിന് താമസം നേരിട്ടില്ല. പലസ്ഥലത്തും 7.15നുള്ളില്‍ വോട്ടിങ് ആരംഭിക്കാനായി.
കടനാട് സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂളിലെ 28-ാം നമ്പര്‍ ബൂത്തിലും വലവൂര്‍ ഗവ. അപ്പര്‍ പ്രൈമറി സ്‌കൂളിലെ 95-ാം നമ്പര്‍ ബൂത്തിലും പോളിങ്ങിനിടെ വി.വി.പാറ്റ് മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമായി. 15 മിനിട്ടുകൊണ്ട് തകരാര്‍ പരിഹരിച്ച് പോളിങ് തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."