HOME
DETAILS

ദുരന്തകാലത്തെ സ്‌കൂളുകളും സുരക്ഷയും

  
backup
August 27 2018 | 01:08 AM

duranthakalathe-schoolukalum-surakshayuma

ഓരോ ദുരന്തകാലത്തും കുട്ടികളുടെ വിദ്യാഭ്യാസം വലിയൊരു പ്രശ്‌നമാണ്. ദുരന്തം വരുമ്പോള്‍ തന്നെ സ്‌കൂളുകള്‍ അടക്കും. പല സ്‌കൂളുകളും ദുരന്തത്തില്‍ തകര്‍ന്നിട്ടുണ്ടാകും. പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാംപുകളായി ഉപയോഗിക്കപ്പെടുന്നുണ്ടാകും. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അപകടം സംഭവിച്ചിട്ടുണ്ടാകാം. അവരുടെ പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നഷ്ടപ്പെട്ടു എന്ന് വരാം. സ്‌കൂളിലേക്ക് വരാനുള്ള വഴി മോശമാകാം, കുട്ടികളെ സ്‌കൂളില്‍ അയക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിന് ഇല്ലാതായി എന്നും വരാം. 

ഏറ്റവും വേഗത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് പല കാരണങ്ങളുണ്ട്. സമൂഹം സാധാരണനിലയിലേക്ക് വന്നു എന്നതിന്റെ ഒന്നാമത്തെ പ്രതിഫലനമാണ് സ്‌കൂള്‍ തുറക്കല്‍. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുക എന്നത് മാതാപിതാക്കളുടെ ഏറ്റവും വലിയ പേടിയാണ്. അത് പുനഃസ്ഥാപിക്കുന്നതോടെ മനസിലെ വലിയൊരു ഭാരം ഇറങ്ങുന്നു. കുട്ടികള്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് മറ്റുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം ലഭിക്കും. സ്‌കൂളില്‍ ഒരുമിച്ചു കൂടുമ്പോള്‍ കുട്ടികള്‍ ദുരന്തം മറന്ന് സന്തോഷത്തിലേക്ക് മടങ്ങും.
ഇക്കാരണങ്ങളാല്‍ ആയിരക്കണക്കിന് സ്‌കൂള്‍ കെട്ടിടങ്ങള്‍ തകരുന്ന ഭൂമികുലുക്കത്തിന് ശേഷവും ഒരാഴ്ചക്കുള്ളില്‍ ക്യാംപിനുള്ളിലോ മരത്തണലിലോ മറ്റു സൗകര്യപ്രദമാമായ ഇടങ്ങളിലോ പഴയ അധ്യാപകരെയോ സന്നദ്ധ സേവകരെയോ വച്ച് പഴയ പുസ്തകങ്ങളോ പുതിയ വിഷയങ്ങളോ ഉപയോഗിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ മുന്‍കൈ എടുക്കാറുണ്ട്.
കേരളത്തില്‍ ഇക്കാര്യത്തില്‍ വലിയ വെല്ലുവിളികള്‍ ഒന്നുമില്ല. പ്രളയത്തില്‍ പലയിടത്തും വെള്ളം കയറിയെങ്കിലും അധികം സ്‌കൂളുകള്‍ നശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. കുട്ടികളെയും അധ്യാപകരെയും നഷ്ടപ്പെട്ടിട്ടില്ല. റോഡുകള്‍ മിക്കതും സഞ്ചാര യോഗ്യമാണ്. കുട്ടികളുടെ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടത് എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്. അടുത്ത 29ാം തീയതി സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട ചില നിര്‍ദേശങ്ങള്‍.
1. അത്യാവശ്യ സാഹചര്യത്തില്‍ ഏതെങ്കിലും കുറച്ചു സ്‌കൂളുകളല്ലാതെ മറ്റൊരിടത്തും സ്‌കൂള്‍ തുറക്കുന്ന തീയതി മാറ്റിവയ്ക്കരുത്. സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാംപുകളുണ്ടെങ്കില്‍ ക്യാംപുകള്‍ കമ്മ്യൂണിറ്റി ഹാളുകളിലേക്കോ കല്യാണമണ്ഡപത്തിലേക്കോ മാറ്റണം. സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് ഒരു മുന്‍ഗണനാ വിഷയമാണ്.
2. ദുരന്തം ബാധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂന്നായി തിരിക്കാം (1) ദുരന്തം സ്‌കൂള്‍ കെട്ടിടത്തെ നേരിട്ട് ബാധിച്ച സ്‌കൂളുകള്‍ (2) കെട്ടിടം നേരിട്ട് ബാധിക്കപ്പെട്ടില്ലെങ്കിലും ദുരന്തത്തില്‍ അകപ്പെട്ട വിദ്യാര്‍ഥികളോ അധ്യാപകരോ ഉള്ള സ്‌കൂളുകള്‍ (3) മറ്റുള്ളവ.
3. ഏതു തരത്തിലുള്ള സ്‌കൂളാണെങ്കിലും കേരളത്തിലുള്ള എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും മറ്റുള്ളവരും ഈ ദുരന്തത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്ന് ആദ്യമായി മനസിലാക്കുക.
4. വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും സംഘര്‍ഷം രണ്ടു രീതിയിലാണ്. എന്താണ് സംഭവിക്കുന്നതെന്ന് പൂര്‍ണമായി മനസിലാക്കാന്‍ പറ്റാത്തതും, ഇനി ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമോ എന്ന പേടിയും, പുസ്തകങ്ങള്‍ നഷ്ടപെട്ടിട്ടുണ്ടെങ്കില്‍ അതിനെപ്പറ്റിയുള്ള വിഷമവും, പരീക്ഷയാകുമ്പോള്‍ പാഠഭാഗങ്ങള്‍ തീരുമോ എന്നൊക്കെയുള്ള കാര്യങ്ങളാണ് കുട്ടികളെ ആശങ്കാകുലരാക്കുന്നത്. സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ അധ്യാപകരുടെ മനസിലുണ്ടാകും. അതിന് മുകളിലാണ് സ്‌കൂളിലെ പ്രശ്‌നങ്ങള്‍, കെട്ടിടങ്ങളുടെ സുരക്ഷ, സ്‌കൂളില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡുകളുടെ അവസ്ഥ തുടങ്ങി പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതും, കുട്ടികളുടെ സംഘര്‍ഷത്തെ മാനേജ് ചെയ്യുന്നതും. ഇവ രണ്ടും മനസിലാക്കി വേണം ദുരന്തശേഷം സ്‌കൂള്‍ തുറക്കാന്‍.
5. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് ഈ ആഴ്ച തന്നെ, പറ്റിയാല്‍ നാളെത്തന്നെ, എല്ലാ സ്‌കൂള്‍ അധ്യാപകരുടെയും പി.ടി.എയും മീറ്റിങ് പ്രത്യേകം നടത്തണം. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്‌കൂളും അധ്യാപകരും കുട്ടികളും നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. അധ്യാപകരിലോ അധ്യാപകേതര സ്റ്റാഫിലോ ആര്‍ക്കെങ്കിലും വ്യക്തിപരമായി നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്കുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യണം. കാര്യങ്ങളില്‍ വേണ്ടത്ര അയവുകള്‍ അവര്‍ക്ക് കൊടുക്കുകയും വേണം.
6. സ്‌കൂളുകള്‍ക്കോ, സ്‌കൂളിലെ രേഖകള്‍ക്കോ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടെങ്കില്‍ ഹെഡ്മിസ്ട്രസിന് ഇത് ചെയ്യാമായിരുന്നു, അത് ചെയ്യാമായിരുന്നു എന്നൊക്കെ ആളുകള്‍ കുറ്റപ്പെടുത്താന്‍ നോക്കും, കേരളത്തിലെ കാലാവസ്ഥാ പ്രവചനക്കാര്‍ തൊട്ട് ദുരന്ത നിവാരണ അതോറിറ്റി വരെ ആരും തന്നെ ഈ ദുരന്തന്തിന്റെ വ്യാപ്തി മുന്നില്‍ കണ്ടിട്ടില്ല എന്നുള്ളത് ഉറപ്പാണല്ലോ. കേരളത്തിലെ ഒരു അധ്യാപികയോ അധ്യാപകനോ അറിഞ്ഞുകൊണ്ട് സ്ഥാപനത്തിനോ കുട്ടികള്‍ക്കോ നഷ്ടം ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല.
പ്രളയം വരുന്നതിന് മുന്‍പ് എന്തെങ്കിലും പ്രതിരോധം എടുത്തവരെ അഭിനന്ദിക്കുന്നതില്‍ മടി കാണിക്കരുത്. പക്ഷെ അങ്ങനെ ചെയ്യാത്തവരെ ഒട്ടും കുറ്റപ്പെടുത്തുകയും അരുത്. സ്‌കൂളുകളിലുണ്ടായ ഏതൊരു നഷ്ടത്തിനും ഒരു കാരണവശാലും അധ്യാപകരോ അനധ്യാപകരോ ഉത്തരവാദികള്‍ ആയിരിക്കില്ല എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നത് ഏറ്റവും നല്ല കാര്യമായിരിക്കും.
7. ഈ ദുരന്തം ഏറെ ആളുകളെ സാമ്പത്തിക ബുദ്ധിമുട്ടില്‍ ആക്കിയിട്ടുണ്ട്. അപ്പോള്‍ സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ വിടുന്നതിന് മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ കുട്ടികളെ സ്‌കൂള്‍ മാറ്റാനുള്ള ശ്രമം ഉണ്ടാകാം (മറ്റു രാജ്യങ്ങളില്‍ കുട്ടികള്‍ സ്‌കൂളില്‍ വരാത്ത സാഹചര്യം പോലും ഉണ്ടാകാറുണ്ട്). ഇത് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കും. ഇത് ഒഴിവാക്കണം. ഈ വര്‍ഷം ഈ ദുരന്തം കാരണം ഒരു കുട്ടി പോലും സ്‌കൂള്‍ മാറേണ്ട ആവശ്യം ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി പറയണം. അതിന്റെ ചിലവ് സ്‌കൂളുകള്‍ വഹിക്കാം, അല്ലെങ്കില്‍ സര്‍ക്കാര്‍ വഹിക്കാം, അതുമല്ലെങ്കില്‍ പ്രശാന്ത് ബ്രോ ഒക്കെ ചെയ്യുന്നത് പോലെ ഒരു ക്ലിയറിങ്ങ് ഹൗസ് ഉണ്ടാക്കിയാല്‍ പൊതുസമൂഹത്തില്‍ നിന്ന് തന്നെ കണ്ടെത്താം.
8 . സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ കുറച്ചു കമ്മിറ്റികള്‍ ഉണ്ടാക്കണം, അധ്യാപകരും, പി.ടി.എ അംഗങ്ങളും, ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകരും അതില്‍ അംഗങ്ങളാകണം.
ദുരന്തത്തിന്റെ കണക്ക് കൂട്ടുന്നതിനും കെട്ടിടം സുരക്ഷിതമാക്കുന്നതിനും കുട്ടികളുടെയും അധ്യാപകരുടേയും മാനസിക ആരോഗ്യം പഠിക്കാനും പരിഹരിക്കാനും വ്യത്യസ്ഥ കമ്മിറ്റികള്‍ അനിവാര്യമാണ്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിനും വേണ്ടത്ര സാമ്പത്തിക സുരക്ഷ നല്‍കാനും പ്രളയത്തെ തുടര്‍ന്നുള്ള നിയമ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കമ്മിറ്റി അനിവാര്യമാണ്.
ദുരന്തം നേരിട്ട് ബാധിച്ച സ്‌കൂളുകളില്‍ സ്ട്രക്ച്ചറല്‍, ഇലക്ട്രിക്കല്‍ സുരക്ഷ, ലബോറട്ടറികളിലെ രാസവസ്തുക്കള്‍ വീണു പൊട്ടി മലിനമായിട്ടുണ്ടോ, സ്‌കൂളുകളിലെ കിണറുകള്‍ മലിനമായിട്ടുണ്ടോ, സ്‌കൂളിലെ കസേരയും മേശയും സുരക്ഷിതമാണോ എന്നതൊക്കെ പരിശോധിക്കണം.
ദുരിതാശ്വാസ ക്യാംപുകള്‍ നടത്തിയ സ്‌കൂളുകളില്‍ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ വലിയ മാലിന്യ നിക്ഷേപം ഉണ്ടാകും. ഇത് അവിടെ നിന്നും ഏറ്റവും വേഗത്തില്‍ മാറ്റണം. ദുരിതാശ്വാസ ക്യാംപുകള്‍ ഇപ്പോഴും നടത്തുന്ന സ്‌കൂളുകളില്‍ അധ്യാപനം നടത്തുകയാണെങ്കില്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കുട്ടികള്‍ ക്യാംപുകളില്‍ പോകുന്നത് ഒഴിവാക്കണം.
സ്‌കൂള്‍ തുറക്കുന്ന ആദ്യ ദിവസം തന്നെ ഈ ദുരന്തത്തില്‍ നിന്നും ഈ തലമുറ പാഠം പഠിക്കുമെന്നും, ഇനി ഇങ്ങനെ ഒരു ദുരന്തം കേരളത്തില്‍ നമ്മള്‍ ഉണ്ടാകാന്‍ അനുവദിക്കുകയില്ല എന്നും സ്വയമായിട്ടും, സ്വന്തം സ്‌കൂളിലും വീട്ടിലും സുരക്ഷയുടെ ഒരു സംസ്‌കാരം ഉണ്ടാക്കുമെന്നുമുള്ള ഒരു പ്രതിജ്ഞ അധ്യാപകരും വിദ്യാര്‍ഥികളും എടുക്കണം.
ഒരു ദിവസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ തിരിച്ചു പിടിക്കാവുന്നതല്ല ഈ ദുരന്തം കൊണ്ട് സ്‌കൂളുകളില്‍ ഉണ്ടായിട്ടിരിക്കുന്ന നഷ്ടങ്ങളും കുട്ടികളുടെ മാനസിക അവസ്ഥയില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങളും. ഇത് മനസില്‍ കണ്ടുവേണം സ്‌കൂളുകളിലെ ഇടപെടല്‍ തുടങ്ങാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago