വോട്ട് ചെയ്യാന്‍ സമ്മതിക്കാതെ തിരിച്ചയച്ചതായി പരാതി
പാലക്കാട്: വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയപ്പോള്‍ വിരലില്‍ മഷി പുരട്ടിയ ശേഷം വോട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായി പരാതി. കുത്തന്നൂര്‍ കരടിയംപാറ ബി.എല്‍.പി സ്കൂളിലെ 44-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ റീന സമ്പല്പ്രാദിനേയും മകള്‍ ഷാന്ശ്രീയേയുമാണ് പോളിങ് ഓഫിസര്‍ തിരിച്ചയച്ചത്.
വൈകീട്ട് നാലുമണിയോടെ ബൂത്തിന് മുന്നിലെത്തി ഒരു മണിക്കൂറോളം കാത്തു നിന്ന ശേഷമാണ് റീന സമ്പല്പ്രാദും മകള്‍ ഷാന്‍ ശ്രീയും ബൂത്തിനകത്ത് കയറിയത്. എന്നാല്‍ പോളിങ് ഓഫിസര്‍ രണ്ടു പേരുടേയും കൈയില്‍ മഷി പുരട്ടിയ ശേഷം വോട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
വോട്ടില്ലെങ്കില്‍ എന്തിനാണ് മഷി വിരലില്‍ പുരട്ടിയതെന്ന് ചോദിച്ചപ്പോള്‍ പോളിങ് ഓഫിസര്‍ വ്യക്തമായ ഉത്തരം തരാനോ ചലഞ്ച് വോട്ട് ചെയ്യാനോ സമ്മതിച്ചില്ലെന്ന് ഇവര്‍ പറഞ്ഞു. വോട്ടുണ്ടെന്ന് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടില്‍ വന്ന് പറഞ്ഞത് കൊണ്ടാണ് ഇവര്‍ വോട്ട് ചെയ്യാന്‍ എത്തിയത്. 25 വര്‍ഷമായി ഒരേ സ്ഥലത്ത് തന്നെയാണ് ഇവര്‍ താമസിക്കുന്നതെങ്കിലും വീടിനടുത്ത് താമസിക്കാത്തത് കൊണ്ടാണ് പട്ടികയില്‍ പേരില്ലാതെ പോയതെന്ന് ബി.എല്‍. ഒ യമുന ജനാര്ദനന് ഇവരോട് പറഞ്ഞു.
എന്നാല്‍ ഒന്നര വര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റൈ പേരും നാട്ടില്‍ താമസിക്കാത്ത ചില ബന്ധുക്കളുടെ പേരും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് റീന പറഞ്ഞു. ബി.എല്‍.ഒക്കും പോളിങ് ഓഫിസര്‍ക്കും എതിരെ പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."