ദുരിത ബാധിതര്‍ക്കുള്ള സാധനങ്ങള്‍ സ്വകാര്യ ഗോഡൗണില്‍ ഇറക്കി
താമരശേരി: ദുരിതബാധിത പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാന്‍ എത്തിച്ച സാധനങ്ങള്‍ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ ഇറക്കി. പൂനെ ദേഹൂര്‍ റോഡ് മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന സാധനങ്ങളാണ് അമ്പായത്തോട് പുല്ലാഞ്ഞിമേടില്‍ സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ ഇറക്കിയത്.
വസ്ത്രങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍, മരുന്നുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി എട്ടര ടണ്‍ സാധനങ്ങളുമായി വ്യാഴാഴ്ചയാണ് പൂനെയില്‍നിന്ന് മൂന്നു മലയാളി സമാജം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുറപ്പെട്ടത്.
ശനിയാഴ്ച വൈകിട്ട് പുല്ലാഞ്ഞിമേടിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ സാധനങ്ങള്‍ ഇറക്കുന്നതിനിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. ഇതിനിടെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാക്കള്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സ്ഥലത്ത് സി.പി.എം-മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി.
തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ താമരശേരി സി.ഐ ടി.എ അഗസ്റ്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരുകയും സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനായി വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിനിധികളെ ചുമതലപ്പെടുത്തുകയും ചെയ്തു. അതേസമയം സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചുവെന്ന ആരോപണം സി.പി.എം നിഷേധിച്ചു.
എന്നാല്‍ ദുരിതബാധിത പ്രദേശമായ വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങള്‍ തരംതിരിച്ച് പാക്ക് ചെയ്യുന്നതിനായി വയനാട്ടില്‍ സ്ഥലങ്ങള്‍ അന്വേഷിച്ചിരുന്നെന്നും ലഭ്യമാകാത്തതിനാല്‍ പുല്ലാഞ്ഞിമേടിലെ ഗോഡൗണില്‍ എത്തിച്ചതെന്നും സാധനങ്ങള്‍ വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നു വിതരണം ചെയ്യുമെന്നും സാധനങ്ങളുമായി വന്ന സംഘത്തിലെ മലയാളി സമാജം പ്രവര്‍ത്തകരായ സിനു ജോണ്‍, ശിവകുമാര്‍, ബിജീഷ് എന്നിവര്‍ സുപ്രഭാതത്തോട് പറഞ്ഞു.
സര്‍വകക്ഷി യോഗത്തില്‍ മുസ്‌ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹാരിസ് അമ്പായത്തോട്, ഷാഫി സകരിയ, സി.പി.എം കട്ടിപ്പാറ ലോക്കല്‍ സെക്രട്ടറി സി.പി നിസാര്‍, ഐ.പി സലാം, കോണ്‍ഗ്രസ് നേതാക്കളായ അനില്‍ ജോര്‍ജ്, പ്രേംജി ജയിന്‍സ്, ബി.ജെ.പി പ്രതിനിധികളായ സാന്‍ കട്ടിപ്പാറ, സാന്‍ കരിഞ്ചോല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."