കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നല്കി കെ.എസ്.ആര്.ടി.സി ജീവനക്കാരന് മാതൃകയായി
ചാലക്കുടി: യാത്രക്കിടെ കളഞ്ഞു കിട്ടിയ 70000 രൂപ ഉടമസ്ഥനെ കണ്ടു പിടിച്ചു തിരികെ നല്കി മാതൃകയാകുകയാണ് കെ.എസ്.ആര്.ടി.സി ജീവനക്കാരന്. ചാലക്കുടി കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ ആയി സേവനമനുഷ്ഠിക്കുന്ന നെടുമ്പാള്‍ സ്വദേശി തട്ടാപറമ്പില്‍ കൊച്ചുമോന്റേയും കൂറാലിയുടേയും മകന് പ്രഭാകരനാണ് രൂപ തിരികെ നല്‍കിയത്.
കഴിഞ്ഞ 12ന് അതിരപ്പിള്ളി സ്വദേശിയായ ഡ്രൈവര്‍ മുരളീധരനുമായി സര്‍വിസ് പോകവെ ബസില്‍ അലസമായി കിടന്നിരുന്ന പഴകിയ ബാഗ് എടുത്തുവച്ച് പരിശോധിച്ചപ്പോളാണ് 70,000 രൂപ കണ്ടെത്തിയത്.
ഉടനെത്തന്നെ ചാലക്കുടി ഡിപ്പോയില്‍ ഏല്‍പ്പിച്ചെങ്കിലും അന്വേഷിച്ച് ആരും എത്താത്തതിനെ തുടര്‍ന്ന് ബാഗില്‍ നിന്നു ലഭിച്ച ഐഡന്റിറ്റി കാര്‍ഡിലെ ആളെ തിരഞ്ഞുപിടിച്ചു കണ്ടെത്തി കൊണ്ടുവന്നു രൂപ ഏല്‍പ്പിക്കുകയായിരുന്നു.
മൂവാറ്റുപുഴ കോലഞ്ചേരിയില്‍ താമസിക്കുന്ന പാറമടയില്‍ ജോലി ചെയ്യുന്ന കുര്യന് ഉതുപ്പിന്റേതായിരുന്നു ആ പണം. അദ്ദേഹം കോഴിക്കോട് അനുജന്റെ വീട്ടിലേക്ക് യാത്ര പോകുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്.
ചാലക്കുടി ആര്യങ്കാല ദേശത്ത് ഭാര്യ ഷൈജിയോടും മക്കളായ സോന, സാനിയ, സനല്‍ എന്നിവരോടൊപ്പം താമസിക്കുന്ന പ്രഭാകരന് 20 കൊല്ലത്തോളമായി കെ.എസ്.ആര്.ടിസിയില്‍ സേവനമനുഷ്ഠിക്കുന്നു.ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."