തീരദേശ മേഖലയില്‍ വോട്ടിങ് യന്ത്രം തകരാറിലായത് ദുരിതമായി
ചാവക്കാട്: തീരദേശ മേഖലയില്‍ ഒന്‍പതിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായത് നാട്ടുകാര്‍ക്ക് ദുരിതമായി.
ചാവക്കാട് നഗരസഭയില്‍ രണ്ടിടത്തും കടപ്പുറം പഞ്ചായത്തില്‍ മൂന്നിടത്തും പുന്നയൂര്‍ക്കുളം, പുന്നയൂര്‍ പഞ്ചായത്തിുകളിലെ രണ്ടിടത്തും വടക്കേക്കാട് പഞ്ചായത്തില്‍ രണ്ടിടത്തുമാണ് വോട്ടിങ് യന്ത്രം തകരാറിലായത്.
പലയിടങ്ങലിലും പെട്ടെന്ന് പരിഹരിക്കാനായെങ്കിലും ചിലയിടങ്ങലില്‍ ഏറേ സമയം കഴിഞ്ഞാണ് പ്രശ്‌നത്തിന് പരിഹാരമുണ്ടായത്. ആദ്യത്തെ 25 വോട്ട് ചെയ്ത് കഴിഞ്ഞയുടനേയാണ് ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ഒന്നാം ബൂത്തായ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ചെറായി സ്‌കൂളിലെ വോട്ടിങ് യന്ത്രം പണിമുടക്കിയത്.
പിന്നീട് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് തകരാര്‍ പരിഹിരിച്ചത്. കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് ഫോക്കസ് സ്‌കൂളിലെ 152 നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂറും 10 മിനുറ്റും വൈകിയാണ് വോട്ടിങ് ആരംഭിച്ചത്.
കണ്‍ട്രോള്‍ യൂനിറ്റും വി.വി പാറ്റും തകരാറിലായതാണ് ഇവിടെ വോട്ടെടുപ്പ് വൈകാന്‍ കാരണമായത്. തുടര്‍ന്ന് പകരം യന്ത്രങ്ങള്‍ കൊണ്ടുവന്നെങ്കിലും അതും തകരാറിലായി. ഇതോടെ വോട്ട് ചെയ്യാനെത്തിയവര്‍ ബഹളം വെച്ചു. ഒടുവില്‍ വിദഗ്ധരെത്തി തകരാര്‍ പരിഹരിച്ച് 8.10 ഓടെ വോട്ടെടുപ്പ് ആരംഭിക്കുകയായിരുന്നു. തൊട്ടടുത്ത 151 നമ്പര്‍ ബൂത്തിലും യന്ത്ര തകരാറ് മൂലം അല്‍പം വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
കടപ്പുറം പുതിയങ്ങാടി ജി.എഫ്.യു.പി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങിനിടെ മെഷീന്‍ തകരാറിലായി. രാവിലെ 9.15ന് 116-ാമത്തെയാള്‍ വോട്ടു ചെയ്യാനെത്തിയപ്പോള്‍ മെഷിനില്‍ നിന്നും ബീപ് ശബ്ദം നിര്‍ത്താതെ മുഴങ്ങുകയായിരുന്നു. ഇതോടെ പ്രശ്‌ന പരിഹാരത്തിനു ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് പുതിയ മെഷിന്‍ കൊണ്ടു വന്ന് 10.20ഓടേയാണ് വോട്ടിങ് പുനരാരംഭിച്ചു.
തകരാരിലായ മെഷിന്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇതേ സമയം വോട്ടു ചെയ്യാന്‍ വരിയില്‍ നിന്ന പലരും മടങ്ങിയിരുന്നു. ചാവക്കാട് നഗരസഭയിലെ സിദ്ദീഖ് പള്ളിക്കടുത്തെ മണത്തല ബി.ബി.എ.എല്‍.പി സ്‌കൂളിലെ 142-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ്ങിനിടെ മെഷിന്‍ തകരാറിലായി. രാവിലെ 9.15ഓടേയായിരുന്നു സംഭവം. ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം മെഷിനിന്റെ തകരാറ് പരിഹരിച്ച് വോട്ടിങ് പുനരാംഭിക്കുകയായിരുന്നു. ചാവക്കാട് നഗരസഭയിലെ തന്നെ പാലയൂര്‍ 117-ാം നമ്പര്‍ ബൂത്തില്‍ രാവിലെ തന്നെ മെഷീന്‍ തകരാറിലായി. പിന്നീട് 7.15ഓടെ തകരാറ് പരിഹരിച്ച ശേഷമാണ് ഇവിടെ വോട്ടിങ് ആരംഭിച്ചത്.
അന്തിക്കാട്: എറവ് ടി.എഫ്.എം സ്‌കൂളിലെ 151-ാം ബൂത്തിലാണ് യന്ത്ര തകരാര്‍ മൂലം ഒരു മണിക്കര്‍ വോട്ടെടുപ്പ് മുടങ്ങിയത്. 10.15നാണ് യന്ത്രം കേടായത്. യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വെളിച്ചം തെളിയാത്തതാണ് കാരണം. ഇത് മൂലം വോട്ട് ചെയ്യാനാകാതെ പല വോട്ടര്‍മാരും മടങ്ങിപ്പോയി. അരിമ്പൂരിലെ പരയ്ക്കാട് വില്ലേജ് ഓഫിസില്‍ നിന്ന് പുതിയ വോട്ടിങ് യന്ത്രം കൊണ്ട് വന്ന് 11 നു ശേഷമാണ് ഈ ബൂത്തില്‍ വോട്ടെടുപ്പ് വീണ്ടും തുടങ്ങിയത്.
കയ്പമംഗലം: കുട്ടമംഗലം എം.എല്‍.പി.സ്‌കൂളിലെ മൂന്നാം നമ്പര്‍ ബൂത്ത്, ചളിങ്ങാട് ഹിദാത്തുല്‍ ഇസ്‌ലാം മദ്‌റസാ ബൂത്ത് എന്നിവിടങ്ങളില്‍ വി.വി പാറ്റും പുതിയകാവ് എ.എം.യു.പി സ്‌കൂളിലെ ബൂത്തിലും മതിലകം കൂളിമുട്ടം കെ.എം.എല്‍.പി. സ്‌കൂളിലും വോട്ടിങ് മെഷീനുകളുമാണ് തകരാറിലായത്.
കൂളമുട്ടം കെ.എം.എല്‍.പി സ്‌കൂളിലെ 61-ാം നമ്പര്‍ ബൂത്തില്‍ 324 വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷമാണ് മെഷീന്‍ തകരാറിലായത്. രണ്ടു മണിക്കൂറിലധികം ഇവിടെ വോട്ടെടുപ്പ് നിര്‍ത്തിവെക്കേണ്ടിവന്നു.
കണ്‍ട്രോള്‍ യൂണിറ്റിലെ ബാറ്ററി ശേഷി കുറഞ്ഞതാണ് പ്രശ്‌നമായത്. പകരം മറ്റൊരു കണ്‍ട്രോള്‍ യൂനിറ്റ് എത്തിച്ചെങ്കിലും വി.വി പാറ്റ് തകരാറിലായതിനാല്‍ വീണ്ടും മറ്റൊരു യൂനിറ്റ് എത്തിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. ഉച്ചയ്ക്ക് 12 ഓടെ മുടങ്ങിയ വോട്ടെടുപ്പ് രണ്ടിനു ശേഷമാണ് തുടങ്ങിയത്.
കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രിയദര്‍ശിനി കമ്യൂനിറ്റി ഹാളിലെ 32-ാം നമ്പര്‍ ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സ്ലിപ്പ് തീര്‍ന്നതിനാലും അര മണിക്കുറോളം നേരം വോട്ടെടുപ്പ് നിര്‍ത്തേണ്ടിവന്നു. കയ്പമംഗലം നിയോജകമണ്ഡലത്തിലെ 26 പ്രശ്‌നബാധിതാ ബൂത്തുകളിലും കേരളാ പൊലിസിനു പുറമേ സി.ഐ.എസ്.എഫ് ഭടന്മാരുടെയും സംരക്ഷണത്തിലാണ് വോട്ടെടുപ്പ് നടന്നത്.
എരുമപ്പെട്ടി : കോട്ടപ്പുറം 140-ാം ബൂത്തില്‍ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് 200 ഓളം പേരും മങ്ങാട് 138-ാം ബൂത്തില്‍ വോട്ടെടുപ്പ് ഇഴഞ്ഞു നീങ്ങിയതിനെ തുടര്‍ന്ന് 120 ഓളം പേരും വോട്ട് ചെയ്യാന്‍ ബാക്കിയായി. കടങ്ങോട് പഞ്ചായത്ത് ഓഫിസിലെ 117-ാം നമ്പര്‍ ബൂത്തും ചിറമനേങ്ങാട് സ്‌കൂളിലെ 12-ാം ബൂത്തിലും എരുമപ്പെട്ടി എല്‍.പി സ്‌കൂളിലെ 134, 135 ബൂത്തുകളിലും കുണ്ടന്നൂര്‍ സ്‌കൂളിലെ ബൂത്തിലും ആറ്റത്ര സ്‌കൂളിലെ 141-ാം ബൂത്തിലും വേലൂര്‍ ആര്‍.എം.എല്‍.പി സ്‌കൂളിലെ 162-ാം ബൂത്തിലും യന്ത്രതകരാര്‍ മൂലം വോട്ടെടുപ്പ് മണിക്കൂറുകളോളമാണ് തടസപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."