തിരിച്ചുകയറാന്‍ മുണ്ടുമുറുക്കി കേരളം; ചീഫ് വിപ്പിനായി ചര്‍ച്ച മുറുക്കി സി.പി.ഐ..!
ഈ സാഹചര്യത്തില്‍ സ്ഥാനം ഏറ്റെടുക്കരുതെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയരുന്നുസ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുണ്ടായ കെടുതികളില്‍നിന്നു തിരിച്ചുകയറാന്‍ കേരളം മുണ്ടുമുറുക്കുമ്പോള്‍ ഖജനാവിനു കോടികള്‍ അധിക ബാധ്യത വരുത്തുന്ന ചീഫ് വിപ്പിനെ തീരുമാനിക്കാന്‍ സി.പി.ഐയും ഒരുങ്ങുകയാണ്.
സംസ്ഥാനത്തെ പുനര്‍നിര്‍മിക്കാന്‍ ഓരോ രൂപയും നിര്‍ണായകമാണെന്നു ഭരണപക്ഷം ആവര്‍ത്തിക്കുമ്പോഴാണ് വര്‍ഷം ഏഴര കോടിയിലേറെ രൂപ ഖജനാവിനു ബാധ്യത വരുത്തുന്ന ചീഫ് വിപ്പ് പദവി ഏറ്റെടുക്കാന്‍ സി.പി.ഐ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു പദവി ഉപേക്ഷിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍തന്നെ ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ഫേസ്ബുക്കിലൂടെ കടുത്ത പരിഹാസവുമായി പാര്‍ട്ടി നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷും രംഗത്തെത്തി. 'കാറും വീടും വീട്ടുകാരും എല്ലാം നഷ്ടപ്പെട്ടവരുടെ മുന്നിലേക്കു കാറും വീടും അകമ്പടിക്കാരുമായി കറങ്ങിത്തിരിയാന്‍ മാത്രമായി ഒരു വിപ്പ്, പേര് സര്‍ക്കാര്‍ ചീഫ് വിപ്പ് ' എന്നാണ് രൂപേഷിന്റെ ഫേസ്ബുക് പോസ്റ്റിലെ പരിഹാസം. എന്നാല്‍, പാര്‍ട്ടി നിര്‍ദേശപ്രകാരം പിന്നീട് ഈ പോസ്റ്റ് പിന്‍വലിച്ചു.
ഇതുപോലെ നിരവധി സി.പി.ഐക്കാരാണ് ചീഫ് വിപ്പ് സ്ഥാനം സ്വീകരിക്കുന്നതിലെ അനൗചിത്യം പരസ്യമായി ചൂണ്ടിക്കാണിക്കുന്നത്. കാബിനറ്റ് പദവിയോടെയാണ് സി.പി.ഐക്ക് ഇടതുമുന്നണി ചീഫ് വിപ്പ് പദവി വാഗ്ദാനം ചെയ്തിരിക്കുന്നത്.
മന്ത്രിമാര്‍ക്കും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്കും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചീഫ് വിപ്പിനും ലഭിക്കും. ശമ്പളം, കാര്‍, വസതി, പരമാവധി 25 പേഴ്‌സണല്‍ സ്റ്റാഫ് അങ്ങനെ എല്ലാം കിട്ടും.
കുടുക്കയില്‍ സ്വരുക്കൂട്ടിയ സമ്പാദ്യം കുട്ടികള്‍പോലും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന നാട്ടിലാണ് ഈ സാഹചര്യത്തിലും പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നത്. നാളെ ചേരുന്ന പാര്‍ട്ടി നിര്‍വാഹക സമിതിയും അടുത്ത മാസം നാലു മുതല്‍ ആറു വരെ ചേരുന്ന നിര്‍വാഹക സമിതി കൗണ്‍സില്‍ യോഗങ്ങളും വിഷയം ചര്‍ച്ച ചെയ്യും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."