മോദിക്ക് കൂച്ചുവിലങ്ങോ?: പെരുമാറ്റ ചട്ടലംഘനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഉടന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം പെരുമാറ്റ ചട്ടലംഘനം നടത്തുകയാണെന്ന പരാതിയുമായി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിനു പിന്നാലെ, നടപടിയെടുക്കുമെന്ന സൂചനയുമായി കമ്മിഷന് വൃത്തങ്ങള്‍. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റാലികളില്‍ സൈനികരെ ഉപയോഗിക്കരുതെന്ന നിര്‍ദേശം മോദി ലംഘിച്ചുവെന്നാണ് കമ്മിഷന് കണ്ടെത്തിയിരിക്കുന്നത്. പുല്‍വാമ ആക്രമണവും പിന്നാലെ വ്യോമ സേന ബാലാകോട്ടില്‍ നടത്തിയ തിരിച്ചടിയും മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും അടക്കമുള്ള നേതാക്കള്‍ വ്യാപകമായി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ ദേശീയ സുരക്ഷയും ദേശീയതയിലും ഊന്നിയാണ് നടക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മോദിയുടെ പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പരിശോധന നടക്കുകയാണെന്നായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. 'വൈകാതെ നടപടിയുണ്ടാവും' എന്നാണ് ഇന്ന് കമ്മിഷന്റെ പ്രതികരണം. 'തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ കാത്തുനില്‍ക്കില്ല, ഉദ്യോഗസ്ഥര്‍ വിശദവിവരങ്ങള്‍ ശേഖരിക്കുകയാണ്'- കമ്മിഷന് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."