തിരുവോണ നാളില്‍ ആര്‍.എസ്.എസ് ഭീകരത
കരുനാഗപ്പള്ളി: തിരുവോണ ദിവസത്തില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമണ പരമ്പര അഴിച്ചുവിട്ട് ആര്‍.എസ്.എസ് സംഘം ആലുംകടവിന് സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്താനും ശ്രമം നടത്തി.
തിരുവോണ ദിവസം ഉച്ചതിരിഞ്ഞതോടെയാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. ആലപ്പാട്, കാക്കതുരുത്ത് തൈമൂട്ടില്‍ ചന്തു പ്രദീപ് (31) എന്ന യുവാവിന് നേരെ ആലുംകടവ് ചാലിതെക്കേ ജങ്ഷന് സമീപമായിരുന്നു ആക്രമണം. ചന്തു പ്രദീപ് സുഹൃത്ത് അരുണ്‍ദാസിനൊപ്പം ബൈക്കില്‍ വരവേ ആര്‍.എസ്.എസ് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
വടിവാള്‍കൊണ്ട് വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ ചന്തുവിനെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് എറണാകുളം സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
ചെങ്ങന്നൂരില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് തിരികെയെത്തിയതായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടിയായ ചന്തു. ചന്തുവിന്റെ സഹോദരനെയും ഒരു മാസം മുന്‍പ് ആര്‍.എസ്.എസ് സംഘം വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു.
ആലുംകടവ് ചാലില്‍ തെക്കേജങ്ഷന് സമീപം നേരുത്തെ അങ്കന്‍വാടി പ്രവര്‍ത്തിച്ചിരുന്ന ഗുരു സമിതിയുടെ കെട്ടിടം കേന്ദ്രീകരിച്ചാണ് അടുത്തകാലത്തായി ആര്‍.എസ്.എസ് പ്രവര്‍ത്തനം.
വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്നവര്‍ ഇവിടെസംഘം ചേര്‍ന്ന് നിരവധി ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു വരുന്നതായി സമീപവാസികള്‍ പറയുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്.
കരുനാഗപ്പള്ളി തറയില്‍മുക്കില്‍ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അതുലിനെയും ആര്‍.എസ്.എസ് സംഘം ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."