ഡോ. സുഗതന്റെ നിരീക്ഷണ, ഗവേഷണങ്ങള്‍ കാല്‍ നൂറ്റാണ്ടിലേക്ക്
കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പ്രമുഖ പക്ഷിശാസ്ത്രജ്ഞന്‍ ഡോ. സുഗതന്‍ നടത്തുന്ന നിരീക്ഷണ, ഗവേഷണങ്ങള്‍ കാല്‍ നൂറ്റാണ്ടിലേക്ക്. ചെറുപ്പത്തില്‍ സയന്‍സ് ടുഡേ മാഗസിനില്‍ സലിം അലിയുടെ പക്ഷി നിരീക്ഷണത്തെക്കുറിച്ചുള്ള ലേഖനം വായിച്ചതാണ് തന്റെ ജീവിതത്തില്‍ പക്ഷിനിരീക്ഷണ കൗതുകം ഉണര്‍ത്തിയ പ്രഥമ സംഭവമെന്നു 68കാരനായ ഡോ. സുഗതന്‍ പറഞ്ഞു.
പിന്നീട് സലിം അലിയെ കത്തുകളിലൂടെ അടുത്തറിയുകയും ഉന്നത പഠനത്തിനായി സുഗതനെ അദ്ദേഹം മുംബൈയിലേക്കു ക്ഷണിക്കുകയും ചെയ്തു. അവിടെ പഠനത്തോടോപ്പം വിവിധ പക്ഷികളെ സ്റ്റഫ് ചെയ്തു സൂക്ഷിക്കുന്ന മ്യൂസിയത്തില്‍ പാര്‍ട് ടൈം ജോലിയും ലഭിച്ചു. ഒരു ലക്ഷത്തില്‍പരം പക്ഷികളെ സ്റ്റഫ് ചെയ്തു സൂക്ഷിച്ചിട്ടുള്ള നാച്ചുറല്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി മ്യൂസിയത്തില്‍ നിന്നു കിട്ടിയ അനുഭവ സമ്പത്താണ് പക്ഷികളെക്കുറിച്ച് എളുപ്പത്തില്‍ മനസിലാക്കാന്‍ സഹായകരമായതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപൂര്‍വയിനം പക്ഷികളായ ത്രീറ്റോഡ് കിങ്ഫിഷര്‍, റിപ്പിളി മൂങ്ങ, മാക്കാച്ചി കാടാ തുടങ്ങിയവയെ കണ്ടെത്തിയത് ഡോ. സുഗതന്റെ നേത്യത്തിലുള്ള നീരീക്ഷണ ഫലമായിട്ടാണ്. വംശ നാശം സംഭവിച്ചെന്നു കരുതിയിരുന്ന 10 അപൂര്‍വയിനം ജീവജാലങ്ങളെ ഉഭയ ഉരഗ സര്‍വേയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയതും പക്ഷിസങ്കേതത്തിന്റെ കീര്‍ത്തി വര്‍ധിപ്പിച്ചു.
കോതമംഗലത്തു നിന്നു 12 കിലോമീറ്റര്‍ അകലെ പെരിയാറിന്റെ തീരത്തു വ്യാപിച്ചു കിടക്കുന്നതാണ് തട്ടേക്കാട് പക്ഷിസങ്കേതം. സലിം അലി കണ്ടെത്തിയ ഈ സങ്കേതം 1983ലാണ് സംസ്ഥാന സര്‍ക്കാര്‍ പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്. തുടര്‍ന്നു വിദേശങ്ങളില്‍ നിന്നുള്ള നിരവധി പക്ഷി നിരീക്ഷകരും ഗവേഷകരും ഇവിടെയെത്തി. 1989-90 കാലയളവില്‍ സങ്കേതം അവഗണിക്കപ്പെട്ടെങ്കിലും 1991ല്‍ സമീപവാസികളുടെ പരാതിയെ തുടര്‍ന്നു തനിമ നിലനിര്‍ത്തി സംരക്ഷിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഈ കാലയളവില്‍ ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളില്‍ ഗവേഷണ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്ന ഡോ. സുഗതന്‍ ഉള്‍പ്പെടെയുള്ള പക്ഷി നിരീക്ഷകരുമായി ആലോചിച്ചാണ് അന്നത്തെ സര്‍ക്കാര്‍ പദ്ധതികള്‍ക്കു രൂപം നല്‍കിയത്. 1992ല്‍ സംസ്ഥാന വനം, വന്യജീവി വകുപ്പ് പക്ഷി സങ്കേതത്തിന്റെ സമൂലമായ പരിഷ്‌ക്കരണത്തിനാവശ്യമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ഡോ. സുഗതനെ നിയമിക്കുകയായിരുന്നു. കാലടി താന്നിപ്പുഴ തോപ്പില്‍ വീട്ടില്‍ രാമകൃഷ്ണന്‍-ദേവയാനി ദമ്പതികളുടെ മകനായി ജനിച്ച സുഗതന്‍ ഇപ്പോള്‍ കുടുംബസമേതം പെരുമ്പാവൂരിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."