നീരവ് മോദിയുടെ ഭാര്യയ്ക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസ്
ലിയോണ്‍(ഫ്രാന്‍സ്): പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ തട്ടിയ വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസ്. അന്താരാഷ്ട്ര തലത്തിലുള്ള അറസ്റ്റ് വാറന്റിന് തുല്യമാണിത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്റര്‍പോള്‍ നോട്ടിസ് പുറപ്പെടുവിച്ചത്.
ന്യൂയോര്‍ക്ക് നഗരത്തില്‍ മൂന്ന് കോടി ഡോളറിന്റെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) ആമിക്കെതിരേ കുറ്റപത്രം തയാറാക്കിയിരുന്നു. നീരവ് മോദിക്ക് വിദേശത്തുള്ള 637 കോടി രൂപയുടെ സമ്പാദ്യത്തിന്റെ ഭാഗമാണ് ഈ അപ്പാര്‍ട്ട്‌മെന്റുകള്‍. ഇവ ഇ.ഡി പിടിച്ചെടുത്തിരുന്നു. ലണ്ടനിലെ 56.97 കോടി രൂപയുടെ ഫ്‌ളാറ്റും ഇതില്‍ പെടും. നീരവ് മോദിക്കെതിരേയും സഹോദരന്‍ നെഹലിനും സഹോദരി പര്‍വിക്കുമെതിരേയും അന്താരാഷ്ട്ര പൊലിസ് നേരത്തെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തുനിന്ന് വായ്പയെടുക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പേരില്‍ വ്യാജ ഗ്യാരന്റി നല്‍കി 6,498.20 കോടി രൂപ തട്ടിപ്പ് നടത്തിയ കേസില്‍ സി.ബി.ഐ നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരേ കുറ്റപത്രം തയാറാക്കിയിരുന്നു. 2018ല്‍ സി.ബി.ഐ ചോദ്യംചെയ്യല്‍ ആരംഭിക്കുന്നതിനു മുമ്പായി ഇരുവരും ഇന്ത്യ വിടുകയായിരുന്നു. മെഹുല്‍ ചോക്‌സിയുടെ പേരില്‍ 7,080.86 കോടി രൂപയുടെ ധനാപഹരണ കേസു കൂടിയുണ്ട്.
കഴിഞ്ഞവര്‍ഷം ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ അവിടെ ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."