ഇത്തവണ ലിന്‍ഡെലോഫിന്റെ ടാക്കിളില്‍ വീണത് കള്ളന്‍
വാസ്റ്റെറാസ്(സ്വീഡന്‍): മൈതാനത്ത് മാത്രമല്ല, മൈതാനത്തിന് പുറത്തും ഏതൊരു വസ്തുവുമായി കടന്നു കളയുന്ന എതിരാളിയെ ടാക്കിള്‍ ചെയ്ത് വീഴ്ത്താന്‍ മിടുക്കുള്ളവനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതിരോധ താരമായ വിക്ടര്‍ ലിന്‍ഡെലോഫ്. യൂറോപ്പാ ലീഗിലെ സെമി ഫൈനലിലെ പരാജയത്തിന് ശേഷം സ്വന്തം രാജ്യമായ സ്വീഡനിലേക്ക് മടങ്ങിയ താരം, പിന്നാലെ തന്റെ പ്രതിരോധ അടവിലൂടെ കള്ളനെ വീഴ്ത്തി വാര്‍ത്തകളില്‍ തരംഗമായി മാറിയിരിക്കുകയാണ്. സ്വീഡിഷ് ന്യൂസ്‌പേപ്പറായ ആഫ്റ്റന്‍ബ്ലാഡെറ്റാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
ജന്‍മദേശമായ വാസ്റ്റെറാസിലാണ് താരത്തിന്റെ ഹീറോയിസം. 90 വയസ്സുള്ള വൃദ്ധയുടെ പണമടങ്ങിയ ബാഗ് കള്ളന്‍ തട്ടിയെടുത്തപ്പോള്‍ സാഹസിക ഇടപെടലിലൂടെ അത് തിരികെ ഏല്‍പ്പിച്ചാണ് താരം അവരുടെ മനസ്സ് കീഴടക്കിയത്. പാതയോരത്ത് നടന്നു നീങ്ങുകയായിരുന്ന വൃദ്ധയുടെ കൈയിലുണ്ടായിരുന്ന ബാഗ് പെടുന്നനെ അതുവഴി സൈക്കിളിലെത്തിയ യുവാവ് തട്ടിയെടുത്തു. ഇതു ശ്രദ്ധയില്‍പ്പെട്ട ലിന്‍ഡെലോഫ് ഉടനെ കള്ളന് പിന്നാലെ ഓടി അയാളെ സൈക്കിളില്‍ നിന്ന് വീഴ്ത്തി. തത്സമയം, കള്ളനെ പിടിച്ച് പൊലിസില്‍ ഏല്‍പ്പിക്കുകയും ബാഗ് വൃദ്ധയ്ക്ക് കൈമാറുകയും ചെയ്തു. പിന്നീട് ഇക്കാര്യം അറിഞ്ഞ യുനൈറ്റഡ് ടീമധികൃതര്‍ താരത്തെ അഭിനന്ദിക്കുകയും ചെയ്തു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സഹതാരം ഹാരി മഗ്വെയര്‍ ഗ്രീസിലെ മൈക്കോണോസ് ബാറില്‍ വച്ചുണ്ടായ അടിപിടിക്കേസില്‍ അറസ്റ്റിലായ ഞെട്ടലില്‍ നില്‍ക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നതാണ് ലിന്‍ഡെലോഫിന്റെ സാഹസികവും കാരുണ്യവും നിറഞ്ഞ ഈ വാര്‍ത്ത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."