പ്രളയബാധിതരെ കരകയറ്റിയവരില്‍ ഹാം റേഡിയോയും
കൊടുങ്ങല്ലൂര്‍: കഴിഞ്ഞ പത്ത് നാളുകള്‍ക്കിടയില്‍ കേരളത്തെ പ്രളയക്കെടുതിയില്‍നിന്നും കരകയറ്റിയ പലരെയും നാട് കണ്ടു. എന്നാല്‍ അത്ര തന്നെ സേവനം ചെയ്ത ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ ശബ്ദം പലരും കേട്ടില്ല. നിലവിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം പ്രകൃതിക്ഷോഭത്തിന് മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ ഔദ്യോഗിക സംവിധാനമായി നിലനിന്നത് ഹാം റേഡിയോയാണ്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഇടിച്ചു കയറി വന്നപ്പോള്‍ പിന്തള്ളപ്പെട്ട ഹാം റേഡിയോക്ക് പ്രളയ കേരളത്തിന്റെ നിലവിളി കേള്‍ക്കാതിരിക്കാനായില്ല.
കൊടുങ്ങല്ലൂര്‍ നഗരം കേന്ദ്രീകരിച്ചു മാത്രം 3000ത്തിലധികം സന്ദേശങ്ങളാണ് ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ കൈമാറിയത്. ആ നാളുകളില്‍ കലക്ട്രേറ്റുമായി താലൂക്ക് ആസ്ഥാനങ്ങളെയും വില്ലേജ് ഓഫിസുകളെയും ബന്ധിപ്പിച്ച വിശ്വസനീയമായ ഏക വാര്‍ത്താവിനിമയ മാര്‍ഗമായിരുന്നു ഹാം റേഡിയോ. ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള ഏക വിനോദമാണ് ഹാം റേഡിയോ അഥവാ അമച്വര്‍ റേഡിയോ. സാധാരണ റേഡിയോയിലൂടെ നമുക്ക് കേള്‍ക്കാന്‍ മാത്രമാണ് കഴിയുകയെങ്കില്‍ ഹാം റേഡിയോയിലൂടെ കേള്‍ക്കാനും സംസാരിക്കാനും സാധിക്കും.
വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദര്‍ഭങ്ങളിലെ വാര്‍ത്താവിനിമയം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങള്‍ ഉപയോഗിച്ച് സ്വകാര്യവ്യക്തികള്‍ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വര്‍ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവര്‍ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി ഇരുപത്തിയെട്ട് ലക്ഷത്തിലധികം ആളുകള്‍ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഇവരില്‍ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാന്‍ ഹാം റേഡിയോ ഉപയോഗിക്കാം.
പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാവുമ്പോള്‍ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാര്‍ത്താവിനിമയ ഉപാധികളും താറുമാറാകുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകള്‍ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സഹായിക്കാറുണ്ട്. കുവൈത്ത് യുദ്ധസമയത്ത് ഇന്ത്യയിലേക്ക് വിവരങ്ങള്‍ കൈമാറിയത് മലയാളിയായ ഒരു ഹാം റേഡിയോ ഓപ്പറേറ്ററായിരുന്നു. രാജീവ് ഗാന്ധി വധത്തെ തുടര്‍ന്ന് എല്‍.ടി.ടി സന്ദേശങ്ങള്‍ ചോര്‍ത്തി നല്‍കി സൈന്യത്തിനെ സഹായിച്ചതും ഹാം റേഡിയോ പ്രവര്‍ത്തകരാണ്.
സുനാമി വന്നപ്പോള്‍ ഒറ്റപ്പെട്ടുപോയ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സഹായമായത് എത്തിച്ചത് അവിടെനിന്ന് പ്രവര്‍ത്തിച്ച വനിതാ ഹാം റേഡിയോ പ്രവര്‍ത്തകയാണ്. നേപ്പാള്‍ ഭൂകമ്പ സമയത് ലോകത്തു തന്നെ ആദ്യമായി ആ രാജ്യവുമായി വാര്‍ത്താവിനിമയ ബന്ധം സ്ഥാപിച്ചത് കോഴിക്കോട്ടുകാരനായ ഹാം റേഡിയോ ഓപ്പറേറ്റര്‍ ആണ്. ചെന്നൈ ദുരന്ത സമയത്ത് ഒറ്റപ്പെട്ടു പോയ പല സ്ഥലത്തുനിന്നും വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത് ഹാം റേഡിയോ പ്രവര്‍ത്തകരാണ്. ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതില്‍ കൊല്ലത്തെയും ഇടുക്കിയിലെയും ഹാംറേഡിയോ ഓപ്പറേറ്റര്‍മാന്‍ര്‍ നല്‍കിയ സേവനം ചെറുതായിരുന്നില്ല. കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്ത് ആയ ഇടമലക്കുടിയില്‍ തെരഞ്ഞടുപ്പ് കമ്മീഷനുവേണ്ടി വാര്‍ത്താവിനിമയം നടത്തിയത് ഹാം റേഡിയോ പ്രവര്‍ത്തകരാണ്. ബഹിരാകാശ സഞ്ചാരികളായ യൂറി ഗഗാറിന്‍, കല്പന ചൗള, ബ്രൂണെയ് സുല്‍ത്താന്‍ കിംഗ് ഹുസയ്ന്‍, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, സോണിയ ഗാന്ധി, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, മമ്മൂട്ടി, കമല്‍ഹാസന്‍, ചാരുഹാസന്‍, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരിലെ പ്രമുഖരില്‍ ചിലരാണ്.
അസോസിയേഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്യൂണിക്കേഷന്‍ ഈ മേഖലയിലെ പ്രധാന സംഘടനയാണ്. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് ഒരു സംഘം ഹാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഡ്വ: എം. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്ലസ്ടു ക്കാരനാായ ഗ്ലാഡ്‌വിനാണ് ഏറ്റവും ജൂനിയര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."