HOME
DETAILS
MAL
സഹോദരപുത്രനെ പുഴയിലെറിഞ്ഞ സംഭവം യുവാവ് റിമാന്‍ഡില്‍
backup
August 27 2018 | 03:08 AM
പെരിന്തല്‍മണ്ണ (മലപ്പുറം): പ്രളയസമയത്ത് ഒന്‍പതു വയസുകാരനെ കടലുണ്ടിപ്പുഴയിലെറിഞ്ഞ സംഭവത്തില്‍ കുട്ടിയുടെ പിതൃസഹോദരന്‍ റിമാന്‍ഡില്‍. ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദാ (44) ണ് റിമാന്‍ഡിലായത്. കഴിഞ്ഞ വെള്ളിയാഴ്ചതന്നെ പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ ശനിയാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്.
എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുസ്സലീം-ഹസീന ദമ്പതികളുടെ മകനും എടയാറ്റൂര്‍ ഡി.എന്‍.എം എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷഹീനെ ഈ മാസം 13 മുതല്‍ കാണാനില്ലായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ കാണാതായ ദിവസം കുട്ടി പിതൃസഹോദരനൊപ്പം ബൈക്കില്‍ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ക്രൂരകൃത്യം പുറത്തായത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂര്‍വം താന്‍ ആനക്കയത്തേക്കു തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നു പ്രതി സമ്മതിച്ചു. 13നു സ്‌കൂളിനടുത്തുവച്ചു കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി. സഹോദരന്റെ കൈവശം ഉണ്ടെന്നു കരുതുന്ന മൂന്നു കിലോയോളം സ്വര്‍ണത്തിന്റെ ഒരു വിഹിതം ആവശ്യപ്പെടാനായിരുന്നു ഇയാള്‍ സഹോദരന്റെ മകനെ തട്ടിക്കൊണ്ടുപോയത്.
പകല്‍ മുഴുവനും കുട്ടിയേയുംകൊണ്ടു കറങ്ങിയ പ്രതി പുതിയ വസ്ത്രം വാങ്ങിനല്‍കി സ്‌കൂള്‍ യൂനിഫോമും തന്ത്രപരമായി മാറ്റിച്ചു. സിനിമ കണ്ടും ഭക്ഷണം വാങ്ങിക്കൊടുത്തും പകല്‍ കഴിച്ചുകൂട്ടി. ഇതിനിടെ കുട്ടിയെ കാണാതായ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങള്‍വഴി പ്രചരിച്ചു. ഇതോടെ തന്റെ ഹെല്‍മറ്റ് കുട്ടിയുടെ തലയില്‍വച്ചാണ് ഇയാള്‍ യാത്ര തുടര്‍ന്നത്.
പിന്നീട് പിടിക്കപ്പെടുമെന്നു തിരിച്ചറിഞ്ഞ് അസ്വസ്ഥനായ പ്രതി രാത്രി കുട്ടിയെ മഞ്ചേരി-പെരിന്തല്‍മണ്ണ പാതയിലെ ആനക്കയം പാലത്തിലെത്തിച്ച ശേഷം ബൈക്കില്‍ കയറ്റുകയാണെന്നു ഭാവിച്ച് ഉയര്‍ത്തി പുഴയിലേക്കു വലിച്ചെറിയുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നതു പ്രതി നോക്കിനിന്നു. ഇയാളുടെ മൊഴിപ്രകാരം കാണാതായ കുട്ടിക്കായി കഴിഞ്ഞ മൂന്നു ദിവസമായി കടലുണ്ടിപ്പുഴയില്‍ പൊലിസ് തെരച്ചില്‍ തുടരുകയാണ്.
പ്രതി കുട്ടിയെ തള്ളിയിട്ടതിനു ശേഷം പ്രളയം കാരണം ദിവസങ്ങളോളം കടലുണ്ടിപ്പുഴ നിറഞ്ഞൊഴുകിയിരുന്നു. കനത്ത പ്രളയത്തിലുണ്ടായ നീരൊഴുക്കില്‍ മൃതദേഹം ദൂരസ്ഥലത്തേക്ക് ഒഴുകിപ്പോയിരിക്കാമെന്ന നിഗമനത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."