പാസ്പോര്‍ട്ട് നഷ്ടപ്പെട്ട സംഭവം: മക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ കുവൈത്തിലെത്തി
മക്ക: കുവൈത്തില്‍ നിന്ന് ഉംറ വിസയില്‍ മക്കയിലെത്തിയ ഇന്ത്യക്കാരടക്കം 52 തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ മലയാളികടക്കമുള്ള ഇന്ത്യക്കാര്‍ തിരിച്ച് കുവൈത്തിലെത്തി. സംഘത്തിലെ 23 മലയാളികളടക്കം 43 ഇന്ത്യക്കാരാണ് എംബസിയുടെയും കോണ്‍സുലേറ്റിന്റെയും ഇടപെടലിനെ തുടര്‍ന്ന് പുതിയ പാസ്‌പോര്‍ട്ടുമായി കുവൈത്തിലേക്ക് തിരിച്ചത്. എന്നാല്‍, കൂട്ടത്തിലുണ്ടായിരുന്ന ഏതാനും വിദേശികള്‍ക്ക് ഇനിയും കുവൈത്തിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല. ഇനി ഇവര്‍ക്ക് സഊദിയില്‍ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം ആദ്യ വാരത്തിലാണ് ഇവര്‍ ഉംറ വിസയില്‍ ബസ് മാര്‍ഗം മക്കയില്‍ ഉംറ നിര്‍വഹിക്കാനെത്തിയത്. എന്നാല്‍, താമസ സ്ഥലത്തുവച്ച് സംഘത്തിലെ പാസ്‌പോര്‍ട്ടുകളുടെ കെട്ട് ഒന്നടങ്കം നഷ്ടപ്പെടുകയായിരുന്നു. ക്‌ളീനിംഗിനിടെ തൊഴിലാളികള്‍ ഇത് കുപ്പത്തൊട്ടിയില്‍ തള്ളുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇതോടെ കുവൈത്തില്‍ ജോലിയില്‍ നിന്നും ലീവെടുത്ത് ഇവിടെയെത്തിയ സംഘം പുറത്തിറങ്ങാന്‍ പോലും കഴിയാതെ ദുരിതത്തിലായിരുന്നു. സംഭവം വിവാദമായെതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അടിയന്തിരമായി ഇടപെടുകയും ഇന്ത്യക്കാര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ ഉടനടി നല്‍കുകയും ചെയ്തു. രേഖകള്‍ ശരിയായതോടെ സംഘം മക്കയില്‍ നിന്നും കുവൈത്തിലേക്ക് തിരിച്ചെങ്കിലും സംഘത്തിലെ അഞ്ച് ഈജിപ്തുകാരും മൂന്നും ബംഗ്ലാദേശികളുമടക്കം എട്ടുപേരടക്കമുള്ള സംഘത്തെ സഊദി അതിര്‍ത്തിയില്‍ നിന്ന് മതിയായ രേഖകളല്ലാത്തതിനാല്‍ മക്കയിലേക്കുതന്നെ തിരിച്ചയക്കുകയായിരുന്നു. പാക്കിസ്താനികളില്‍ ഒരാള്‍ക്ക് പകരം പാസ്‌പോര്‍ട്ട് കിട്ടാത്തതിനാല്‍ അയാള്‍ മക്കയില്‍ തന്നെ തങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."