കയറിയും ഇറങ്ങിയും സ്വര്‍ണവില; അന്തംവിട്ട് നിക്ഷേപകരും ബാങ്കുകളും
കൊച്ചി: സ്വര്‍ണവില ദിവസവും മാറിമറിയാന്‍ തുടങ്ങിയതോടെ അന്തംവിട്ട് നിക്ഷേപകര്‍. പ്രവചനങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള ഏറ്റക്കുറച്ചിലാണ് സ്വര്‍ണവിലയില്‍ ഓരോദിവസവും അനുഭവപ്പെടുന്നത്. ഇത് നിക്ഷേപകരെയും ധനകാര്യ സ്ഥാപനങ്ങളെയുമെല്ലാം ഒരുപോലെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.
ഇന്നലെ ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വിലക്കുറവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 38,560 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ ഇത് 38,240 ആയി. ഗ്രാമിന് 4,780 രൂപയാണ് വില.
കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങള്‍ക്കിടെ 640 രൂപയുടെ കുറവാണ് ഒരുപവന്‍ സ്വര്‍ണത്തിന് അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പവന് 3,760 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഓഗസ്റ്റ് ഒന്‍പതിന് 42,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ആഗോളതലത്തില്‍തന്നെ ഓഹരിവിപണി കൂപ്പുകുത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പലരും സ്വര്‍ണത്തിലേക്ക് ചുവടുമാറിയത്. ഇതോടെ, സ്വര്‍ണവില കുതിച്ചുയരുകയും ചെയ്തു. എന്നാല്‍, റഷ്യ കൊവിഡ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഓഹരിവിപണി തിരിച്ചുവരാന്‍ തുടങ്ങി. ഇതോടെ, സ്വര്‍ണവിലയില്‍ ഇടിവും ആരംഭിച്ചു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും കൊവിഡ് വാക്‌സിന്‍ പരീക്ഷണം അവസാനഘട്ടങ്ങളിലാണ്. ഇത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുമെന്ന് വിപണിവൃത്തങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."