'ദുരിതത്തിന് കാരണം നിങ്ങള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ആണ്'- കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രിംകോടതി
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിനു മേലുള്ള പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച തീരുമാനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താല്പര്യം മാത്രം പരിഗണിക്കുന്നതാവരുത് സര്‍ക്കാരിന്റെ നയമെന്ന് ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതതയിലുള്ള ബെഞ്ച് കുറ്റപ്പെടുത്തി.
'ദുരിതത്തിന് കാരണം നിങ്ങള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ആണ്. നിങ്ങള്‍ക്ക് ഒളിഞ്ഞു നില്ക്കാന് ആകില്ല'- ഹരജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു.
മൊറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാനാവില്ലെന്നായിരുന്നു ആര്.ബി.ഐയുടെ നിലപാട്. എന്നാല്‍ ദുരന്ത നിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാനാവുമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് ജനങ്ങള്‍ ദുരിതമുണ്ടാവാന് കാരണം. ഇതില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാരിന് ഒളിഞ്ഞിരിക്കാനാവില്ലെന്നും സുപ്രിംകോടതി വിമര്‍ശിച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹരജി സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."