മുണ്ടൂരില്‍ രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചു
വടക്കാഞ്ചേരി(തൃശൂര്‍): ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ മുണ്ടൂരില്‍ രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മുണ്ടത്തിക്കോട് രാജഗിരി സ്വദേശിയും വടക്കുംമുറിയില്‍ വാടകക്ക് താമസിക്കുകയും ചെയ്യുന്ന ചൊവ്വല്ലൂര്‍ വീട്ടില്‍ ക്രിസ്റ്റഫര്‍ (35), മുണ്ടൂര്‍ സ്വദേശി പറവട്ടാനി വീട്ടില്‍ ശശിയുടെ മകന്‍ ശ്യാം(24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന ശംഭു എന്ന പ്രസാദിനെയും, രാജേഷ് എന്ന മറ്റൊരു യുവാവിനേയും വെട്ടേറ്റ് ഗുരുതര പരുക്കുകളോടെ നാട്ടുകാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ബൈക്കിലും സ്‌കൂട്ടറിലുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെ പിക്കപ്പ് വാന്‍ ഉപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. മുണ്ടൂര്‍-കൊട്ടേകാട് റോഡിലെ പാറപുറം സെന്ററിലെ കുരിശ് പള്ളിക്ക് സമീപത്ത് വച്ചാണ് ശ്യാമിനേയും ക്രിസ്റ്റഫറിനേയും വെട്ടിവീഴ്ത്തിയത്. ആക്രമണം കണ്ട് അതിവേഗം സ്‌കൂട്ടര്‍ ഓടിച്ച് പോയ ശംഭു, രാജേഷ് എന്നിവരെ പിന്തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് ആക്രമിച്ചത്. ചോര വാര്‍ന്നായിരുന്നു രണ്ട് യുവാക്കളുടെയും മരണം. പ്രതികള്‍ യുവാക്കള്‍ക്കെതിരേ നാടന്‍ ബോംബ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. തുടര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്.
പൊലിസും, ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ബോംബ് നിര്‍വീര്യമാക്കി. സിറ്റി പൊലിസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലിസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കവും കുടിപ്പകയുമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലിസ് അറിയിച്ചു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."