പരിഷ്കരണങ്ങള്‍ സഊദിയുടെ വളര്‍ച്ച വേഗത്തിലാക്കും: ഐ. എം. എഫ്
റിയാദ്: സഊദി ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതാണെന്ന് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടണ്ട് (ഐ.എം.എഫ്). സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകുന്ന സഊദി അറേബ്യയുടെ പെട്രോളിതര വരുമാനത്തിലെ വളര്‍ച്ച ഈ വര്‍ഷം കൂടുതല്‍ മുന്നേറും. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച അതിവേഗം കുതിക്കുമെന്നും ഐ.എം.എഫ് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ വര്‍ഷം മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 1.9 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിതര മേഖലയില്‍ 2.3 ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഈ വര്‍ഷത്തെ മൊത്തം കമ്മി ബജറ്റ് ആഭ്യന്തര ഉല്പാദനത്തിന്റെ 4.6 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷം 1.9 ശതമാനമായും കുറയും. കഴിഞ്ഞ വര്‍ഷം സഊദിയുടെ ബജറ്റ് കമ്മി 9.3 ശതമാനമായിരുന്നു. സഊദി ദേശീയ എണ്ണക്കമ്പനിയും ലോകത്തിലെ പ്രമുഖ കമ്പനികളില്‍ ഒന്നുമായ സഊദി അരാംകോയുടെ ഓഹരികള്‍ അടുത്ത വര്‍ഷം വില്പന നടത്തിയേക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഒരു വിഹിതം ഓഹരി മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യും. അരാംകോയുടെ ഓഹരി വില്പന രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ മറ്റൊരു മാറ്റത്തിനായിരിക്കും സാക്ഷിയാവുകയെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."