സെക്രട്ടറിയേറ്റിലെ സുരക്ഷയില്‍ ആശങ്ക: അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: തീപിടിത്തത്തിന് പിന്നാലെ സെക്രട്ടറിയേറ്റിലെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് മന്ത്രിസഭാ യോഗം. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ തീരുമാനമായി. പൊതുഭരണവകുപ്പിലുണ്ടായ തീപിടുത്തത്തിന് കാരണം സ്വിച്ചില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തീപിടുത്തം അന്വേഷിക്കുന്ന പൊലീസ് സംഘവും ഉദ്യോഗസ്ഥ സംഘവും സെക്രട്ടറിയേറ്റില്‍ തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അന്തിമ വിലയിരുത്തലില്‍ എത്താനാകു എന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രതികരണം. മുന്‍ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളില്‍ മുറികള്‍ അനുവദിച്ചതിന്റെ രേഖകളുമാണ് കത്തിനശിച്ചതെന്നാണ് എഫ്‌ഐആര്‍.
സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ ആരിഫ് ഖാന് കത്തുനല്‍കി.
തീപിടിത്തം യാദൃശ്ചികമല്ലെന്ന് അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കടത്തു കേസിലെ തളിവുകള്‍ നശിപ്പിക്കുകയാണ് ലക്ഷ്യം. പ്രോട്ടോക്കോള്‍ ഓഫിസില്‍ തിപിടിക്കാനുള്ള യാതൊരു സാഹചര്യവുമില്ല. സെന്‍ട്രലൈസ്ഡ് എ.സിയുള്ള സ്ഥലത്ത് ഒരു ഫാന്‍ കെട്ടിത്തൂക്കിയിരിക്കുന്നു. അവിടെ ഫാന്‍ ആവശ്യമില്ല. ആരോ കെട്ടിത്തൂക്കിയ പോലെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അവിശ്വാസ് മേത്തയായെന്ന് അദ്ദേഹം പരിഹസിച്ചു.പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മൂന്ന് സെക്ഷനുകളിലെ ബാക്ക് അപ്പ് ഇല്ലാത്ത പേപ്പര്‍ ഫയലുകള്‍ വീണ്ടെടുക്കാനാവാത്ത വിധത്തില്‍ നശിച്ചുപോയെന്നാണ് വിവരം. പൊളിറ്റിക്കല്‍ 2 എ, 2 ബി, 5 എന്നീ സെക്ഷനുകളിലെ ഫയലുകളാണ് നശിച്ചത്. വി.വി.ഐ.പി, വി.ഐ.പി സന്ദര്‍ശന ഫയലുകള്‍ ഈ സെക്ഷനുകളിലാണ്. സെക്ഷന്‍ 5ല്‍ മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകളാണ്. 2 ബിയില്‍ മന്ത്രിമാരുടെയടക്കം വിരുന്നുകള്‍, ഗസ്റ്റ് ഹൗസുകള്‍ ആര്‍ക്കൊക്കെ അനുവദിച്ചു എന്നിവയുടെ ഫയലുകളും. ജോയിന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി ഈ സെക്ഷനുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."